കോടിയേരിയുടെ വേദിക്കരുകിലെ ബോംബേറ്; ആര്‍എസ്എസ് ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് പി ജയരാജന്‍

jayarajan

          തലശ്ശേരിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുമ്പോൾ ബോംബെറിഞ്ഞ സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി ആര്‍എസ്എസ് ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുകയാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഇത്തരം ആക്രണമണങ്ങളെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും ആര്‍എസ്എസ് അധോലോക സംഘമായി മാറിക്കഴിഞതിന്റെ സൂചനകളാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബോംബേറ് നടന്നത്. തലശ്ശേരി നങ്ങാറത്ത് പീടികയിലായിരുന്നു സംഭവം. കോടിയേരി പ്രസംഗിക്കാന്‍ എത്തിയപ്പോഴായിരുന്നു ബോംബേറ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് ബോംബേറ് നടത്തിയത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും പൊട്ടിയത് സിപിഐഎമ്മുകാരുടെ കയ്യിലിരുന്ന ബോംബാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് പ്രതികരിച്ചു.