ഇന്ത്യ 68-ആം റിപ്പബ്ലിക് ദിന ആഘോഷത്തില്‍ ; അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥി

rep         ഇന്ത്യ 68-ആം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ . റിപ്പബ്ലിക്ക് ദിന പരേഡ് ഡല്‍ഹി രാജ്പഥില്‍ പുരോഗമിക്കുകയാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാകയുയര്‍ത്തിയതോടെയാണ് ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ സൈനികശേഷിയും സാംസ്‌കാരികവൈവിധ്യവും വിളിച്ചോതുന്ന പരേഡാണ് രാജ്പഥില്‍ നടക്കുന്നത്. കര, നാവിക, വ്യോമ സേനകളുടെ പ്രകടനങ്ങളും നടന്നു. മലയാളിയായ ലഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണ് നാവികസേനയെ നയിചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. യുഎഇ സൈന്യത്തിന്റെ വ്യോമസേനാംഗങ്ങളും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സൈനിക ബഹുമതികള്‍ നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യുന്നുണ്ട്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

indiaതിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും വരള്‍ച്ചയെ നേരിടാന്‍ ജലം സംരക്ഷിക്കണമെന്നും തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പച്ചക്കറി കൃഷി നടത്തുമെന്നും ജലം സംരക്ഷിക്കുമെന്നും ഈ റിപ്പബ്ലിക് ദിനത്തില്‍ എല്ലാവരും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 23 പ്ലാറ്റൂണകളോടൊപ്പം ശ്വാനസേനയും ഇത്തവണത്തെ പരേഡില്‍ പങ്കെടുത്തു. ഇതാദ്യമായാണ് സംസ്ഥാനത്ത് ശ്വാനസേന പരേഡില്‍ പങ്കെടുക്കുന്നത്.

imageഎറണാകുളത്ത് മന്ത്രി തോമസ് ഐസക്കും കോഴിക്കോട് മന്ത്രി വിഎസ് സുനില്‍ കുമാറും കണ്ണൂരില്‍ മന്ത്രി എകെ ശശീന്ദ്രനും പതാക ഉയര്‍ത്തി. അമിതദേശീയത ഫാസിസത്തിലേക്കുള്ള വഴിയാണെന്നും ബഹുസ്വരതയെ ഊട്ടിയുറപ്പിക്കുന്നതാണ് ദേശീയതയെന്നും മന്ത്രി തോമസ് ഐസക് തന്റെ റിപ്പബ്ലിക് ദിന സനേദശത്തില്‍ പറഞ്ഞു.