നോട്ടുനിരോധന ശേഷം എത്ര കള്ളനോട്ടുകള്‍ പിടികൂടിയെന്ന വിവരാവകാശ ചോദ്യത്തിന് മറുപടിയില്ലാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

rbiഇന്ത്യയിൽ ഉയര്‍ന്ന മൂല്യമൂള്ള നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിന് ശേഷം പിടികൂടിയ കള്ളനോട്ടുകളുടെ മൂല്യത്തെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ‘ഈ ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള കൃത്യമായ വിവരങ്ങള്‍ നിലവില്‍ ഞങ്ങളുടെ കൈവശമില്ല’ എന്നായിരുന്നു വിവരാവകാശ പ്രകാരം ആര്‍ബിഐ നൽകിയ മറുപടി. വിഷയവുമായി ബന്ധപ്പെട്ട് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ അനില്‍ വി ഗാല്‍ഗാലിയാണ് ആര്‍ടിഐ അപേക്ഷ നല്‍കിയത്. നവംബര്‍ എട്ടിനും ഡിസംബര്‍ പത്തിനും ഇടയിലുള്ള കാലയളവില്‍ പിടികൂടിയ കള്ളനോട്ടുകളുടെ എണ്ണമോ മൂല്യമോ എത്രയെന്നായിരുന്നു അനിലിന്റെ ആര്‍ടിഐ ചോദ്യം. ബാങ്കുകളുടെ പേരും കള്ളനോട്ട് പിടികൂടിയ തീയതികളും അനില്‍ ആരാഞ്ഞിരുന്നു. നോട്ടുനിരോധനം പ്രഖ്യാപിച്ച് 11 ആഴ്ച്ചകള്‍ പിന്നിടുമ്പോൾ കള്ളനോട്ടിനെ തുരത്താനാണ് നോട്ടുനിരോധനമെന്ന സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് വ്യക്തമായെന്നും നോട്ടുനിരോധനം കള്ളനോട്ടിനേയും തീവ്രവാദി പ്രവര്‍ത്തനങ്ങളേയും തുരത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നതെന്നും അനില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പരാജയപ്പെട്ടുവെന്നാണ് ആര്‍ബിഐ മറുപടിയില്‍ തെളിഞ്ഞിരിക്കുന്നത്. രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് പിടികൂടിയ കള്ളനോട്ടുകള്‍ എത്രയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു.