മരം പോലെ മഞ്ഞു പെയ്യുന്നു

manjupeyyunnuമരം പോലെ മഞ്ഞു പെയ്യുന്നു
മനസ്സിൽ നീയിപ്പോഴും തോരാതെ പെയ്യുന്നു (മോസ്‌കോ യാത്ര)
ജെഫു ജൈലാഫ്
തിരക്കുകൾക്കൊരു അർദ്ധവിരാമം കുറിച്ചാണ് ഡിസംബർ എട്ടിന് വൈകിട്ട് ഷേക്ക് സായിദ് റോഡിലെ ഇത്തിഹാദ് എയർവേസിന്റെ ഓഫീസിൽ എത്തിയത്. അവിടെ നിന്നും ബസ്സിൽ അബുദാബി എയര്‍പോർട്ടിലേക്ക്. പന്ത്രണ്ടരയോടെ ഉയർന്ന വിമാനം അഞ്ചര മണിക്കൂർ പറന്ന് നിലം തൊടുംമുൻപേ തന്നെ, കേട്ടറിഞ്ഞ റഷ്യയെക്കുറിച്ചുള്ള ചിത്രങ്ങൾ ഹൃദയഭിത്തികളിൽ എഴുതിവച്ചിരുന്നു, ഹിറ്റ് ജെറ്റിലുള്ളവരുടെ മനസ്സുകളോരോന്നും മഞ്ഞുപാളികൾക്ക് മുകളിൽ ലാൻഡ് ചെയ്തിരുന്നു.
ലോക്കൽ സമയം ഒൻപതുമണിയോടെ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. ആദ്യ ചുവട് വച്ചപ്പോൾ തന്നെ കൂപങ്ങളിലൂടെ തുളഞ്ഞുകയറിയ പ്രണയത്തണുപ്പ് സിരകളെയും മനസ്സിനെയും ഒന്നാകെ കീഴ്പ്പെടുത്തിക്കളഞ്ഞു.
സിറ്റിയിൽനിന്നും നാല്പത് കിലോമീറ്റർ ദൂരെയാണ് എയർപോർട്ട്. ട്രാഫിക് അവിടെയും ഒരു വില്ലനായതുകൊണ്ട് പറഞ്ഞതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് താമസസ്ഥലത്തെത്തിയത്. എങ്കിലും ബസ്സിന്റെ ജനൽ ചില്ലിനപ്പുറത്ത് മഞ്ഞുകിനാക്കൾ മനസ്സിലേക്ക് മുളയെടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
ബ്രേക്ക് ഫാസ്റ്റിനു ശേഷം നേരെ മ്യൂസിയത്തിലേക്കാണ് പോയത്. ആദ്യ സാറ്റലൈറ്റ് ഉപഗ്രഹം മുതൽ റഷ്യയുടെ തന്നെ ബഹിരാകാശ സഞ്ചാരത്തെ കുറിക്കുന്ന ബൃഹത്തായ വിവരങ്ങൾ, യൂറി ഗഗാറിൻ സഞ്ചരിച്ച പേടകത്തിന്റെ നിശ്ചലദൃശ്യങ്ങൾ, ശേഷിപ്പുകൾ എല്ലാം സൂക്ഷിക്കുന്ന റഷ്യയിലെത്തന്നെ ഏക cosmonaut museum ആണിത്. 1981 ലാണ് ഇത് സന്ദർശകർക്കായി തുറന്നുനൽകിയത്.
ശൂന്യാകാശത്തുനിന്ന് പതിച്ച ഉൽക്കയുടെ അവശിഷ്ടങ്ങളായ മൂന്ന് ശിലകൾ മ്യൂസിയത്തിലുണ്ട്. അതിൽ കൈവെച്ച് എന്തെങ്കിലും ആഗ്രഹിച്ചാൽ അത് സംഭവിക്കുമെന്ന (അന്ധ)വിശ്വാസം ജനങ്ങൾക്കിടയിലുണ്ട്. ഇത് ശാസ്ത്രവിദ്യയുടെ തറവാട്ടിൽ തന്നെയെന്നതാണ് ഏറ്റവും രസകരവും അസംബന്ധവും.
moscoമോസ്കോയിലെ മാർക്കറ്റുകളിൽ ഒന്നാണ് അബാദ്. ഇരുവശവുമുള്ള കെട്ടിടങ്ങൾക്കിടയിലെ ഇഷ്ടിക പാകിയ നിരത്തിലൂടെ നടക്കുമ്പോഴാണ് മഞ്ഞു പൊഴിയാന്‍ തുടങ്ങിയത്. അന്തരീക്ഷ ഊഷ്മാവ് മൈനസിൽ നിന്നും സീറോയിലേക്ക് എത്തുമ്പോഴാണത്രേ മഴയുണ്ടാവുക.
മഞ്ഞുപെയ്യുന്നത് കാണാൻ കഴിയുമെന്ന് കരുതിയതല്ല. കൺപീലികളിൽ തണുത്ത വിരൽസ്പർശം. മഞ്ഞുചുംബനങ്ങൾ ചെറിയ അപ്പൂപ്പൻതാടികൾ പോലെ പാറി വന്നെന്റെ ചുണ്ടുകളിൽ ചേർന്നിരുന്നു. കണ്ണടച്ചപ്പോൾ നിലത്തമരുന്ന ബൂട്ടിന്റെ ശബ്ദമല്ല, മഞ്ഞിന്റെസീൽക്കാരം. വെള്ളക്കമ്പളങ്ങൾ വിരിച്ച രാജപാതയിൽ ആലസ്യത്തിന്റെ പുതിയ ഇഷ്ടനനവുകൾ.
എട്ടരയ്ക്ക് ഉദിച്ച് നാലുമണിയോടെ സൂര്യനസ്തമിക്കുന്ന പകൽ ദൂരം. അപ്പോൾ ആറുമണിയെ വൈകുന്നേരമെന്നോ അതോ രാത്രിയെന്നാണോ വിളിക്കേണ്ടതെന്നുറപ്പില്ല. എന്തായാലും മഞ്ഞാറിയപ്പോൾ അബാദ് മാർക്കറ്റിൽ നിന്നും തിരിച്ചു.
താമസസ്ഥലത്ത് നിന്നും അല്പദൂരം നടന്നാലെത്താവുന്ന റസ്റ്റാറന്റിലായിരുന്നു രാത്രി ഭക്ഷണം. രുചിക്കൂട്ടിലെ റഷ്യൻ പുതുമ ആസ്വാദനത്തിന്റെ സമൃദ്ധിയായിരുന്നു. മൂന്നാമതും ഓർഡർ ചെയ്തവരുടെ ചൂണ്ടുവിരലിൽ മാനേജർ നീലമഷി പുരട്ടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട് 🙂
പുലരാൻ നാഴികകളിനിയും ബാക്കിയാണ്. രാവുറങ്ങാത്ത നഗരത്തിന്റെ കണ്ണുകളിൽ തിളങ്ങുന്ന പുതിയൊരു പകലിന്റെ പ്രതീക്ഷകളിലേക്ക് പതുക്കെ നടന്നു കയറി.
രണ്ടാം ദിവസം രാവിലെയിറങ്ങിയത് Bunker 42 വിലേക്കായിരുന്നു. യുദ്ധക്കെടുതിയുടെ ഒരു നിശ്ചലദൃശ്യമാണ് ബങ്കർ 42. റഷ്യയുടെ ഏറ്റവും മർമ്മപ്രധാനമായ സ്ഥലമാണിത്. സബ് വേ ടെക്‌നിക് ഉപയോഗിച്ച് 75000 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ ഏകദേശം അറുപത്തിയഞ്ച് മീറ്റർ താഴെയായി പണിതെടുത്ത ഭൂഗർഭ അറ. മൂവായിരം തൊഴിലാളികൾ തൊണ്ണൂറു ദിവസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അതും പുറംലോകമറിയാതെ, മറ്റൊരു രാജ്യത്തിന്റെ സഹായമില്ലാതെ. അറുനൂറു പേർക്ക് ഒരു മാസത്തോളം താമസിക്കാനുള്ള ഭക്ഷണവും, വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇതിലന്ന് ക്രമീകരിച്ചിരുന്നു. അമേരിക്കയുടെ പക്കലുള്ള ന്യൂക്ലിയർ ബോബ് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു ബങ്കറിനെക്കുറിച്ച് അവർ ചിന്തിച്ചത്. അണ്വായുധത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
പതിനേഴ് ഡിഗ്രി അന്തരീക്ഷ ഊഷ്മാവ് എപ്പോഴും നിലനിർത്തുന്ന ഈ തുരങ്കത്തിന്റെ വ്യാസം പത്തൊൻപത് ഡയമീറ്ററാണ്. കോൺക്രീറ്റിനെ പൊതിഞ്ഞിരിക്കുന്നത് കനംകൂടിയസ്റ്റീൽ ഷീറ്റുകൾ കൊണ്ടും. 1995 ൽ പബ്ലിക്കിനായി തുറന്നു കൊടുക്കുന്നതുവരെ മുപ്പതുവർഷത്തോളം റഷ്യയുടെ രഹസ്യങ്ങളിൽ ഒന്നായിരുന്നു ബങ്കർ 42. ഇന്നും അതിന്റെ പല വാതിലുകളും തുറക്കുന്നത് എവിടേക്ക്, എന്തിന് എന്നതെല്ലാം പുറംലോകമറിയാതെ തന്നെ നിലകൊള്ളുന്നതാകണം. ബങ്കറിലെ ബ്ലോക്ക് 4 ലേക്ക് കടന്നാൽ റഷ്യയുടെ ന്യൂക്ലിയർആയുധങ്ങളെക്കുറിച്ചുള്ള ചരിത്രങ്ങളറിയാം, ഒപ്പം നിലവിലുള്ള ആയുധങ്ങളും പരിചയപ്പെടുത്തുണ്ട്. ആണവ പരീക്ഷണങ്ങളിൽ വളരെ മുന്നോട്ട് പോയെങ്കിലും മിസൈലുകൾ വികസിപ്പിച്ചെങ്കിലും മനുഷ്യർക്ക് നാശമുണ്ടാകുന്ന തരത്തിൽ ഒരിക്കലും അതുപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല എന്നവർ വ്യക്തമാക്കുന്നുണ്ട്. (പടച്ചോനറിയാം)
മുകളിലേക്ക് തിരിച്ചുകയറുമ്പോൾ ചുമരുകൾക്ക് രക്തചൂര്, ഇരുട്ടിന് കരച്ചിലിന്റെ ശബ്ദം. അതെന്റെ തോന്നൽ മാത്രമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ബങ്കറിൽനിന്നും പുറത്തിറങ്ങി.
ടൂർ പാക്കേജിലെ മറ്റൊരു ഹൈലൈറ്റാണ് Moscow underground metro. ദുബായിൽ നിന്ന് പോയവർക്കെന്ത് മെട്രോ എന്ന് ചോദിക്കാം. എങ്കിലും 1935ൽ തുടങ്ങി നിലവിൽ പതിനാലു ലൈനുകളിലായി 393 കിലോമീറ്റർ നീളമുള്ള മെട്രോ സർവീസ് ചരിത്രത്തിന്റെഭാഗമാണെങ്കിലോ?
യാത്രകൾ അനുഭവങ്ങളാകുന്നത് ഇതുപോലുള്ള തൊട്ടറിവുകളിലൂടെയല്ലേ.
അലങ്കാരവൈവിധ്യമാണ് ഓരോ സ്റ്റേഷനെയും വേർതിരിക്കുന്നത്. ലോഹനിർമ്മിതങ്ങളായ മനുഷ്യരൂപങ്ങൾ, ചിത്രപ്പണികൾ, മറ്റു കലാരൂപങ്ങൾ തുടങ്ങി പല ഭാവങ്ങളാണോരോന്നിനും. ഭൂമിക്കടിയിലേക്ക് ഇറങ്ങേണ്ടതുകൊണ്ട് മെട്രോ സ്റ്റേഷനിലെ escalator-ന് സ്വാഭാവികമായും നല്ല താഴ്ചയുണ്ട്. വലതുവശം ചേർന്ന് വേണം അതിൽ നിൽക്കാൻ. ധൃതിയിൽ പോകേണ്ടവർക്കു പെട്ടെന്ന് കയറാനും ഇറങ്ങാനും വേണ്ടിയാണ് ഇടതുവശം കാലിയാക്കിയിടുന്നത്.
ക്രൗൺ പ്ലാസയിലെ ഇന്ത്യൻ റസ്റ്ററന്റിൽ നിന്ന് ഉച്ചയൂണ് കഴിഞ്ഞിറങ്ങുമ്പോൾ, പുറത്ത് പകൽ മഞ്ഞുപുതച്ച് മടിപിടിച്ചു നിൽപ്പുണ്ടായിരുന്നു. ക്രെംലിനിൽ എത്തിയപ്പോൾ തണുപ്പിന് കൂടുതൽ കനം വച്ചിരുന്നു. പത്തൊൻപത് ടവറുകളുണ്ട് ആ ചുവന്ന മതിൽക്കെട്ടിൽ. അതിനുള്ളിലെ കത്തീഡ്രൽ സ്ക്വയറാണ് ക്രെംലിന്റെ ഹൃദയ ഭാഗം. മൂന്ന് കത്തീഡ്രൽ അടക്കം ആറ് സുപ്രധാന കെട്ടിടങ്ങൾ, അതിൽത്തന്നെ റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഉൾപ്പെടുന്നുണ്ട്.
കോംപൗണ്ടിനുള്ളിലേക്കു കടന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന ഒരു മണി (bell) കാണാം. അതിനടുത്തായി Tsar എന്ന കൂറ്റൻ പീരങ്കിയും. സമയക്കുറവുമൂലം ഒരു കത്തീഡ്രലിന്റെ ഉള്ളിൽ മാത്രമാണ് കയറാനായത്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പണിതീർത്ത ഈ കത്തീഡ്രലിനുള്ളിൽ മനോഹമായ ചുവർചിത്രങ്ങളുണ്ട്. വിശ്വാസങ്ങളെ പ്രതീകവത്കരിച്ചുകൊണ്ടാണ് ചുവരിലും തൂണുകളിലും ചിത്രരചന നിർവഹിച്ചിട്ടുള്ളത്. യുനെസ്കോയുടെ world heritage ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട് ക്രെംലിൻ. അറുപത്തിയെട്ട് ഏക്കറിൽ വിശാലമായി കിടക്കുന്ന ക്രെംലിനെക്കുറിച്ചെഴുതാൻ നൂറ്റാണ്ടുകളുടെ ദൂരം പിന്നിലേക്ക് പോകണം. ക്രെംലിൻ കോമ്പൗണ്ടിൽ നിന്നും പുറത്തുകടക്കുമ്പോൾ മഞ്ഞിനു മുകളിൽ രാവിറങ്ങിത്തുടങ്ങിയിരുന്നു. ക്രിസ്മസ് ട്രീകളെപ്പോലെ കെട്ടിടങ്ങൾ വിളക്കണിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
മതവും കമ്മ്യൂണിസവും ചേർന്നെഴുതിയ ചരിത്രസ്മാരകങ്ങളെക്കുറിച്ചാണ് മോസ്‌കോയ്ക്ക് ഏറെയും പറയാനുള്ളത്.
ഏകദേശം അഞ്ച് മാസത്തെ മഞ്ഞുവീഴ്ചയ്ക്ക് ശേഷം മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയോടെ മരച്ചില്ലകളിൽ പച്ചപ്പുദിക്കും, പുൽപ്പടർപ്പുകൾക്ക് വെയിൽനാമ്പുകൾ നിറംകൊടുക്കും. വിപ്ലവത്തിന്റെ നായകൻ വ്ലാദിമിർ ലെനിന്റെ, കാലത്തിനപ്പുറത്തേക്ക് കഥകളെഴുതിയ മാക്സിം ഗോർക്കിയുടെ ടോൾസ്റ്റോയിയുടെ നാടിന്റെ, ഇനിയും കണ്ടുതീരാത്ത കാഴ്ചകളുടെ ഭാണ്ഡം ചുമലിലുണ്ടിപ്പോഴും. എഴുനൂറു കിലോമീറ്ററിനപ്പുറം ദസ്തയേവ്സ്കി കാണിച്ചുതന്ന സെന്റ് പീറ്റേഴ്സ് ബർഗിന്റെ മുകളിലുമെന്റെ സ്വപ്നങ്ങൾപൊഴിയുന്നുണ്ട്. ഇനിയുമുണ്ട് ഇങ്ങോട്ടൊരു യാത്രയെങ്കിൽ.. നേവാനദിയുടെ നനഞ്ഞ മാറിടത്തിൽ നക്ഷത്രങ്ങളില്ലാത്ത ആകാശത്തിലേക്ക് മലർന്നുകിടക്കണം, ഹേസൽ പൂക്കൾ അരക്കെട്ടിലേക്ക് പൊഴിയണം. പുരികങ്ങൾക്ക് നടുവിലപ്പോൾ ഒരു മഴവില്ല് തെളിയുന്നുണ്ടാകും.
രാത്രി ഹോട്ടലിലെ ഹാളിൽ ഹിറ്റ് ജെറ്റ് ടീമിലെല്ലാവരും ഒത്തു ചേർന്നു. ഹിറ്റ് എഫ് എം,ആർ ജേസിന്റെ ഒരു ഓഫ് എയർ പെർഫോമൻസ്, ഒരടിപൊളി ഗാല നൈറ്റ്. പറയാതെവയ്യ, ബാക്ക് ബെഞ്ച് ലോകത്തിന്റെ ഏതുമൂലയിൽ ആണെങ്കിലും പുറകിൽ തന്നെയാണ് ട്ടാ. സ്ഥലങ്ങൾ സന്ദശിക്കുന്നതിനിടയിലുള്ള ബസ് യാത്രകളിൽ പിൻസീറ്റുകളിലെ ഗാനലഹളമേളങ്ങൾ മോസ്‌കോയ്ക്ക് ലഭിച്ച അപൂർവ്വ നിമിഷങ്ങളാണ് 😉
ഉറങ്ങുന്നതിനു മുൻപേ മോസ്കോയിലെ സ്ട്രീറ്റുകളിലേക്ക് ഒന്നുകൂടെ എത്തിനോക്കി. കുറിച്ചുവച്ച സെമികോളനിൽ നിന്നും തിരക്കുള്ള ജീവിതം എഴുതിച്ചേർക്കാൻ പിറ്റേന്ന് തിരിച്ചു ദുബായിലേക്ക്….
രണ്ടക്ഷരങ്ങൾക്കിടയിലെ ഉന്മാദങ്ങളുടെ വീർപ്പുമുട്ടലാണ് യാത്ര.
അതിനുശേഷമുള്ള ഞാനുകളാണ് അതിന്റെ സൗന്ദര്യം.
കാറ്റുവന്ന് കാതിൽ വിളിക്കുന്നുണ്ട്.
പോകണം…
വിത്ത് മുളപ്പിക്കാനുണ്ട്,
ഇനിയുമെന്റെ യാത്രകളുടെ…