ജെ. എൽ മെമ്മോറിയൽ ആശുപത്രിയുടെ നാലാം നില

hospitalMemories are Jailed അഥവാ
ജെ. എൽ മെമ്മോറിയൽ ആശുപത്രിയുടെ നാലാം നില
സോണിയ ഷിനോയ് –

ആശുപത്രിയുടെ
നാലാം നിലയിലേക്ക്
പടികയറിത്തന്നെ പോകണം

ഒന്നാം നിലയിൽ കാഴ്ച്ചകൾ ചിതറും
രണ്ടാം നിലയിൽ കേൾവികൾ പതറും
അപ്പോൾ
മൂന്നാം നിലയിൽ ദേഹം കുഴഞ്ഞ്
നമുക്ക് ഇടറി വീഴാം

നാലാം നിലയിൽ,
പക്ഷെ, മറവികളുടെ മുറികളാണ്
ഭ്രമാത്മകമായ ഒറ്റയിരുപ്പുകളായും
എരിപൊരി സഞ്ചാരങ്ങളായും
ഓർമ്മത്തിരച്ചിലുകളുടെ
എന്തെന്തോ ഏകാംഗ നടനങ്ങൾ

ചിലപ്പോൾ,
ജനലുകളിൽ
മറവികൾ ചുറ്റിച്ചൂഴുന്നു
ഇഴപിരിഞ്ഞ വാക്കുകളിൽ തൂങ്ങി
മണ്ണിലിറങ്ങുന്നു,
നോക്കുകൾ നനച്ച്
മണ്ണ് തൊടുന്നു
ആരിൽ നിന്നോ,
ആരിലേക്കോ,
ആരോ,
പിന്നെയും വേച്ചു നടക്കുന്നു
കുരുക്കിൽ പിടഞ്ഞും
ചരടറ്റുഴറിയും
ഓർമ്മകൾക്ക്,
ദിക്കു തെറ്റുന്നുണ്ടാവണം

കടലു പോലാണ്
മണലു കാണുന്നത്
‘അതോ, മണലു പോലെ കടലോ..’ എന്ന്
തല ചെരിഞ്ഞ്, ഇരമ്പിപ്പെരുക്കും
‘വേര് പൊട്ടുന്നുവോ…’ എന്ന്
ഒരു ഞരമ്പ്
എഴുന്നു വലിയുന്നതാവണം

അയയിൽ
എന്നോ തോരാനിട്ട്,
ചുക്കിച്ചുളിഞ്ഞ
തുണികളെന്നപോലെയോ,
അരികുകൾ തേഞ്ഞുതേഞ്ഞ്
ക്രമം തെറ്റിക്കലർന്ന്,
നിറംകെട്ട
ഒരുകെട്ട് പസിലുകളെന്നപോലെയോ
ആയിരിക്കണം,
ആ മുറികളിലെ ഓർമ്മകൾ

കഞ്ഞിപാത്രത്തിലെ വേവേറ്റങ്ങളിൽ
കാണാതെ പോയത്,
എന്തെന്നു തിരയുമ്പോൾ
കണ്ണിൽ,
മുറിഞ്ഞ മനസ്സുപോലെ,
എന്തോ തേവി തൂവിപ്പോവും

“ആരാ…? എന്താ..?”
എന്നാരെങ്ങാൻ ചോദിച്ചാൽ…,
അപ്പോഴാണ് ഞാൻ ചൂളുന്നത്

ഏതു കാലത്തിൽ നിന്നാണ് ?
ഏതു ലോകത്തിലേക്കാണ് ?
എവിടുന്ന് ഇനി,
തിരഞ്ഞു പിടിക്കണമെന്നാണ് ?