നൈസാമിന്റെ നാടുകാണാനിറങ്ങിയ പെൺസംഘം

naisam-yathraനൈസാമിന്റെ നാടുകാണാനിറങ്ങിയ പെൺസംഘം

മാധ്യമ പ്രവർത്തക സിജ ശിവദാസ് എഴുതുന്നു

നനഞ്ഞു കുതിര്‍ന്ന ഒരു പകലിലാണ് നൈസാമിന്റെ നാട്ടില്‍ വിമാനമിറങ്ങിയത്.. സെപ്റ്റംബര്‍ ഹൈദരബാദില്‍ കനത്ത മഴയുടെ കാലമായതുകൊണ്ട് ഗൂഗിള്‍ ചെയ്ത് മഴ പെയ്യാന്‍ സാധ്യതയില്ലാത്ത ദിവസം നോക്കിയാണ് ടിക്കറ്റ് പോലും ബുക്ക് ചെയ്തത്. എന്നിട്ടും മഴ ദൈവങ്ങള്‍ ഞങ്ങളെ പറ്റിച്ചല്ലോ എന്ന് ഗദ്ഗദപ്പെട്ട് പുറത്തിറങ്ങിയപ്പോള്‍ ദാ, സ്വിച്ചിട്ട പോലെ മഴ നില്‍ക്കുന്നു. ഇതെന്തൊരു കളി എന്ന് ചിന്തിക്കാന്‍ സമയം കിട്ടിയില്ല, ഉറുദുവില്‍ മുക്കി ഹിന്ദി പറയുന്ന ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ റാഞ്ചി. കൂട്ടത്തില്‍ ഹിന്ദി അറിയാവുന്ന ഒരേ ഒരാളായ ഞാന്‍ ടാക്‌സി ചാര്‍ജ് 500 ല്‍ നിന്ന് 750 ലേക്കാക്കി. പറയിപ്പിക്കാനായി ഇനി നിന്റെ ഹിന്ദി പുറത്തെടുത്ത് പോകരുതെന്ന് സുഹൃത്തുക്കളുടെ വക താക്കീതും.

girlsഓള്‍ഡ് ഹൈദരബാദിലെ ഒരു ഒയോ ഹോട്ടലിനായിരുന്നു ആണ്‍തുണയില്ലാതെ എത്തിയ മൂന്ന് സ്ത്രീകളെ 6 ദിവസത്തേക്ക് കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം . അവര്‍ അത് വെടിപ്പായി ചെയ്തൂട്ടോ.. ഒയോ റൂംസ് സിഇഒ റിതേഷ് അഗര്‍വാളിന്റെ മില്യണ്‍ ഡോളര്‍ ആശയത്തിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്. കൊതുക് കടിച്ചും മൂട്ട തിന്നും തീരേണ്ട ടൂറിസ്റ്റുകളെ ചെറിയ ചെലവിലും വൃത്തിയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ താമസിപ്പിക്കാന്‍ കഴിയും എന്ന് കാണിച്ചു തന്നു റിതേഷ്.
ഹൈദരാബാദ് ബിരിയാണി കിട്ടുന്ന സ്ഥലങ്ങളെ കുറിച്ച് പഠിച്ച് കുറിപ്പ് തയ്യാറാക്കിയിരുന്നെങ്കിലും ഇടത്തരം ഭക്ഷണ ശാലകളെ കുറിച്ച് ഒരു റിസര്‍ച്ച് നടത്താത്തതു കൊണ്ട് കീശ പലപ്പോഴും കാലിയായി. ഹൈദരബാദിന് തനത് ഭക്ഷണ രീതികളും ബിരിയാണിക്ക് പ്രശസ്തമായ റെസ്റ്റോറന്റുകളും ഉണ്ടെങ്കിലും ഇടത്തരക്കാര്‍ക്ക് പറ്റുന്ന ഭക്ഷണശാലകള്‍ കണ്ടുപിടിക്കുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. (എന്നോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം).

നേരെ മറിച്ച് നമ്മുടെ നാട്ടില്‍ എല്ലാത്തരക്കാര്‍ക്കും പറ്റുന്ന റെസ്റ്റോറന്റുകള്‍ മുക്കിന് മുക്കിന് കാണാം. ഇനിയിപ്പോ നമ്മള്‍ മലയാളത്തില്‍ നാടന്‍ ഭക്ഷണം എന്ന് കവല തോറും എഴുതുന്ന പോലെ ഉറുദുവില്‍ എഴുതിയിരുന്നിരിക്കാം. അതുകൊണ്ട് നമുക്കെന്തുകാര്യം. താമസ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലത്തില്‍ ഒരു ഉഡുപ്പി ഹോട്ടല്‍ കണ്ടെത്തിയത് കൊണ്ട്‌ രാവിലെയും രാത്രിയുമുള്ള കുഞ്ഞിന്റെ ഭക്ഷണ കാര്യത്തില്‍ വല്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.

നമ്മുടെ നാട്ടില്‍ കാണാത്ത മറ്റൊരു കാര്യം ഇവിടെ കണ്ടു. ടിപ്പ് തട്ടിപ്പറിച്ച് മേടിക്കുന്ന റെസ്റ്റോറന്റുകാരെ. ഇംഗ്‌ളീഷ്‌കാരെപോലെ സ്പൂണു കൊണ്ട്  മാത്രം ഭക്ഷണം കഴിക്കുന്ന ഒരു റെസ്റ്റോറന്റില്‍ വെച്ചായിരുന്നു ഈ ദുരനുഭവം. തനി മലയാളി സ്റ്റൈലില്‍ ടിപ്പ് തരൂല്ല, ബാക്കി മേടിച്ചേ പോകൂ എന്നൊക്കെ കാച്ചിയെങ്കിലും ബാലന്‍സ് തുക ടിപ്പാക്കിയെടുത്ത് അവര്‍ ഞങ്ങളെ തോല്‍പിച്ചു കളഞ്ഞു.

ഹൈദരബാദില്‍ വന്നത് ഇവിടെ കിടന്നുറങ്ങാനാണോ എന്ന് പരസ്പരം ചോദിച്ചെങ്കിലും അന്നു ഉച്ചവരെ കിടന്നുറങ്ങിയിട്ടേ ഞങ്ങള്‍ പുറത്തിറങ്ങിയുള്ളു.

dsc05957

മാര്‍ബിള്‍ വിസ്മയമായ ബിര്‍ള ടെമ്പിളിലേക്കായിരുന്നു ആദ്യ യാത്ര.  ആയിരം ടണ്‍ മാര്‍ബിളില്‍ പത്ത് വര്‍ഷം കൊണ്ടാണ്‌ ബിര്‍ള ഫൌണ്ടേഷൻ  ഈ വിസ്മയം തീര്‍ത്തത്. ജാതിയുടെയോ മതത്തിന്റയോ അതിര്‍വരമ്പുകളില്ലാത്ത, വിനോദവും ഭക്തിയും മേളിക്കുന്ന സ്ഥലം. ബിര്‍ള ടെമ്പിള്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ഒരു ഭക്തനാകണമെന്നില്ല, ഒന്നു റിലാസ്‌ക് ചെയ്യാനും ഇവിടം നല്ല സ്ഥലമാണ്. കാരണം ധ്യാനത്തിന് പ്രാധാന്യം കൊടുത്താണ് ഇവിടം അന്തരീക്ഷം ഒരുക്കിയിരിക്കുന്നത്. . ഏറ്റവും മുകളിലുള്ള വെങ്കിടേശ്വരന്റെ കോവിലില്‍ നിന്നുള്ള ഹൈദരാബാദിന്റെ ആകാശക്കാഴ്ച അതി മനോഹരമാണ്. ശരിക്കും ഹൈദരബാദെന്നാല്‍ ഒരു കോണ്‍ക്രീറ്റ് കടലാണെന്ന് തോന്നും അവിടെ നിന്ന് നോക്കിയാല്‍.

ബിര്‍ള ടെമ്പിളില്‍ വെച്ച് ഇരുന്നും കിടന്നും ചെരിഞ്ഞും നിന്നും തലകുത്തിയുമൊക്കെയുള്ള പോസുകളില്‍ എന്റെ സുഹൃത്തുക്കള്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനുള്ള ഫോട്ടോസ് എടുക്കുന്നത് കണ്ടതോടെ എന്റെ മകളുടെ ഹൈദരബാദ് പാഠം ഒന്ന് – ‘ഒരു സെല്‍ഫി’ ആയിത്തീര്‍ന്നു. (ഇന്നിപ്പോ, കുളിപ്പിക്കാന്‍ സോപ്പ് കയ്യിലെടുത്താല്‍ പോലും ‘ശെല്‍ഫി’ എടുക്കട്ടെ എന്നവള്‍ ചോദിക്കും ! )…

ഇവിടെ ഒരു ടാക്‌സിയും ധൈര്യമായി വിളിക്കാന്‍ പറ്റില്ല എന്ന് വന്ന ദിവസം തന്നെ മനസിലായി.. പറയുന്നിടത്തല്ല അവര്‍ എത്തിക്കുക. ഏതെങ്കിലും പേള്‍ ഷോപ്പിന്റെ മുന്‍പിലായിരിക്കും. ഞങ്ങള്‍ക്ക് പോകേണ്ടത് ഇവിടെയല്ല എന്ന് പറഞ്ഞാലും ‘മാഡം, ഒന്ന് കയറി നോക്കു, നല്ല ഹൈ ക്വാളിറ്റി പേള്‍സാണ്. വാങ്ങണമെന്നില്ല, കണ്ടു നോക്കിയാല്‍ മതി ‘എന്നു പറയും. ഇത് പതിവായപ്പോള്‍ മാഡം എന്ന് വിളി തുടങ്ങുമ്പോഴേ സെയ്ഫു ഒരു ഉഗ്രന്‍ നുണയങ്ങ് കാച്ചും. ‘ഞങ്ങള്‍ പേള്‍സ് കൃഷ്ണയില്‍ നിന്ന് വാങ്ങി കേട്ടോ’. കൃഷ്ണ അവിടുത്തെ വലിയ പേള്‍ ഷോപ്പുകളില്‍ ഒന്നാണ്. കസ്റ്റമേഴ്‌സിനെ എത്തിച്ചാല്‍ ടാക്‌സിക്കാര്‍ക്ക് കമ്മീഷന്‍ ഉണ്ട്. അതാണ് ഈ ചാക്കിട്ടു പിടുത്തം . പേള്‍സ് വാങ്ങുമെങ്കില്‍ വളരെ കുറഞ്ഞ തുകയ്ക്കും അവര്‍ ഓട്ടം പോകും..

പിറ്റേന്ന് ഒരു ഉബര്‍ ടാക്‌സിയിലാണ് ഗോല്‍ക്കോണ്ടക്ക് വിട്ടത്. പെരുന്നാളിനടുത്ത ദിവസമായിരുന്നതു കൊണ്ടായിരിക്കാം ഫോര്‍ട്ടിലേക്കുള്ള വഴിക്കിരുവശവും ആടുകളെക്കൊണ്ട് നിറഞ്ഞിരുന്നു.

ഒരുകാലത്ത് രത്‌നങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായിരുന്നു കക്കാതിയ രാജവംശം പണികഴിപ്പിച്ച ഗോല്‍ക്കോണ്ട. പിന്നീട് കുത്തുബ് ഷാഹി രാജാക്കന്‍മാരുടെ അധീനതയിലായി. പക്ഷേ ഇതായിരുന്നു ഗോല്‍ക്കോണ്ടയുടെ സുവര്‍ണ്ണ കാലഘട്ടം. അവര്‍ തലസ്ഥാനം ഹൈദരബാദിലേക്ക് മാറ്റിയതോടെയാണ് ഗോല്‍കോണ്ടയുടെ പ്രതാപം മങ്ങിയത്. കോഹിനൂര്‍ സൂക്ഷിച്ചിരുന്നത് ഗോല്‍കോണ്ടയുടെ ഏതോ ഉള്ളറയിലായിരുന്നു എന്ന് സ്‌കൂളില്‍ പഠിച്ചത് ഓര്‍ത്തു അവിടെ എത്തിയപ്പോള്‍..

ഒരു ഗൈഡ് കവാടമായ ഫത്തേ ദര്‍വാസയുടെ പോര്‍ട്ടിക്കോയില്‍ നിന്നും കയ്യടിച്ചാല്‍ ഒരു കിലോമീറ്റര്‍ ദൂരെ വരെ എത്തുന്ന അതിന്റെ പ്രതിഫലനത്തെക്കുറിച്ച് ചുറ്റുമുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നത് കേട്ട് കുറച്ച് സമയം ഞങ്ങള്‍ നിന്നു. ആരെങ്കിലും ആക്രമിക്കാന്‍ എത്തിയാല്‍ മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇതെന്നായിരുന്നു ഗൈഡിന്റെ വിശദീകരണം. ഒരു പക്ഷെ  ഇത് പണി കഴിപ്പിച്ചവര്‍ക്ക്  മാത്രമറിയാവുന്ന രഹസ്യമാണ് ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ജീവിക്കാനുള്ള പങ്കപ്പാടുകള്‍ക്കിടയില്‍  ഗൈഡുമാര്‍ വളച്ചൊടിക്കുന്നത്. കേട്ടു നിന്നവര്‍ ആരും തന്നെ സംശയങ്ങള്‍ ചോദിക്കുന്നത് കേട്ടില്ല. എല്ലാവരും ഗൈഡിനെ അനുകരിച്ച് കയ്യടിക്കുന്ന തിരക്കിലാണ്.

ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പോകുമ്പോള്‍ അതിനേക്കുറിച്ച് പഠിക്കാതെ കാണാനുള്ള കൗതുകം കൊണ്ട് മാത്രം സന്ദര്‍ശിക്കുന്നവര്‍ ഒരു പക്ഷേ ഇന്ത്യക്കാര്‍ മാത്രമാണെന്ന് തോന്നുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം ഇവിടെയൊക്കെ പോയിരുന്നു എന്ന് കാണിക്കാനുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് യാത്രയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  ചിലര്‍ പുസ്തകം വായിക്കുന്നത് പോലെ. ഞാനൊരു വായനക്കാരനാണെന്ന് മേനി പറയാന്‍ വേണ്ടി മാത്രം വായിക്കുന്നവരെപ്പോലെ. ചരിത്ര ശേഷിപ്പുകള്‍ നശിപ്പിക്കരുതെന്ന് അമീര്‍ ഖാനും അമിതാഭ് ബച്ചനുമൊക്കെ എത്ര പരസ്യം പറഞ്ഞാലും ചെല്ലുന്നിടത്തെല്ലാം ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന ഇന്ത്യക്കാരന്റെ സ്വഭാവം അവിടെ എവിടെ നോക്കിയാലും കാണാം. സന്ദര്‍ശിക്കുന്നവരൊക്കെ പേരുകള്‍ കോറിയിടാന്‍ മത്സരിക്കുന്നത് കണ്ടു.

dsc05520

ഒരു കിലോമീറ്ററോളം മുകളിലേക്ക് സ്റ്റെപ്പ് കയറിയാല്‍ ഫോര്‍ട്ടിന്റെ ഏറ്റവും മുകളിലായുള്ള ബാലാഹിസാര്‍ എത്താം. നിങ്ങളുടെ സ്റ്റാമിന പരീക്ഷിക്കുന്ന ഒന്നായിരിക്കും ഈ എക്‌സര്‍സൈസ് എന്നതറുപ്പാണ്. മുകളിലേക്കുള്ള വഴിയില്‍ പണ്ടത്തെ  ജയില്‍ പരിഷ്‌കരിച്ച് ഉണ്ടാക്കിയ ഒരു ചെറിയ അമ്പലം കാണാം. അതിനു മുമ്പില്‍ ചിരാത് കത്തിച്ചു വെച്ചിരിക്കുന്നു. ഏതോ തെലുങ്ക് പുരാണ സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു  കോട്ടയുടെ ഉള്‍വശങ്ങളില്‍ . വേഷം കെട്ടിയ രാക്ഷസന്‍മാരോടൊപ്പം ഫോട്ടോ എടുക്കാനുള്ള സന്ദര്‍ശകരുടെ തിരക്ക് ഒന്ന് കാണേണ്ട കാഴ്ചയായിരുന്നു. കുറ്റം പറയരുതല്ലോ, തിരക്ക് ഒന്നൊഴിഞ്ഞപ്പോ ഞങ്ങളും എടുത്തേ ഒരു രാക്ഷസ സെല്‍ഫി.

തനത് ഹൈദരബാദ് വിഭവങ്ങള്‍ ലഭിക്കുന്ന ഒരു റെസ്റ്റോറന്റിലായിരുന്നു ഉച്ച ഭക്ഷണം. കുറ്റം പറയരുതല്ലോ, അല്‍പം സ്‌പൈസിയാണേലും ഇത്രയും നല്ല മട്ടന്‍ ബിരിയാണി കേരളത്തില്‍ എവിടെ നിന്നെങ്കിലും കഴിച്ചതായി ഞാന്‍ ഓര്‍മ്മിക്കുന്നില്ല. ചിക്കന്‍ ബിരിയാണി എവിടെയായാലും കണക്കാ. സ്വീറ്റ്‌സിനും അല്‍പം സ്ഥലം ബാക്കി വെച്ചിട്ടാണ് മട്ടനും ചിക്കനും അകത്താക്കിയത്. റോയലായിട്ടു തന്നെ തുടങ്ങാമെന്ന് കരുതി നവാബുമാരുടെ പ്രിയപ്പെട്ട ഖുബാനി കാ മീട്ടയാണ് ആദ്യം ഓര്‍ഡര്‍ ചെയ്തത്. ഖുബാനിയെന്നാല്‍ ആപ്രിക്കോട്ട് , മീട്ടാ എന്നാല്‍ സ്വീറ്റ്. നിറച്ച് നെയ്യും ഉണങ്ങിയ ആപ്രിക്കോട്ടും, അണ്ടിപരിപ്പും ഒക്കെ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. സഹിക്കാന്‍ പറ്റാത്ത മധുരം. എന്തോ ഹല്‍വയും ഓര്‍ഡര്‍ ചെയ്തിരുന്നു. ആദ്യത്തെ മീത്താ തന്നെ എനിക്ക് സഹിക്കാവുന്നതിന് അപ്പുറത്തായിരുന്നതു കൊണ്ട്‌ പിന്നീട് വന്ന ഒരു മീത്തായുടെ നേരെയും ഞാന്‍ നോക്കിയില്ല.

ഹൈടെക്ക് സിറ്റിയിലുള്ള ശില്‍പ്പാരാമത്തില്‍ ഷോപ്പിങ്ങ് നടത്തി അന്നത്തെ ടൂറിംഗ് അവസാനിപ്പിച്ചു.

dsc05902

രാമോജി ഫിലിം സിറ്റിയില്‍ ഫ്രീ ആയി കയറി പിറ്റേന്ന്. ഷെമിന്റെ സിനിമ സൗഹൃദമാണ് ഇവിടെ സഹായത്തിനെത്തിയത്. ഒരാള്‍ക്ക് ആയിരം രൂപയാണ് എന്‍ട്രി ഫീ. ഫ്രീ ആയി കയറിയതു കൊണ്ടായിരിക്കാം ഇപ്പം നീയൊന്നും അങ്ങനെ സുഖിക്കേണ്ട എന്ന് രാമോജിയിലെ പ്രകൃതി പോലും കരുതിയെന്നു തോന്നുന്നു. കനത്ത മഴ. സെയ്ഫു ഇടയ്ക്ക് ഒന്ന് തെന്നി വീഴുക പോലും ചെയ്തു. ടിക്കറ്റ് കൗണ്ടറില്‍ നിന്നും ഒരു ബസ് പിടിച്ച് മുന്‍ സീറ്റില്‍ ഇരിപ്പുറപ്പിച്ചതും, എടീ, നോക്കെടി, എടാ നോക്കെടാ, സംസാരം കേട്ട് തിരിഞ്ഞപ്പോള്‍, എവിടെത്തിരിഞ്ഞങ്ങ് നോക്കിയാലും അവിടെല്ലാം പൂത്തുലഞ്ഞു മലയാളികള്‍. ബസ് മുഴുവനും നാട്ടില്‍ നിന്നും ടൂറിനു വന്ന പിള്ളേരാണ്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ട ഒരു വിസ്മയമാണ് ഈ ഫിലിം സിറ്റി. ഉദയനാണ് താരമാണ് രാമോജിയെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത്. ലോക പ്രശസ്തമായ പൂന്തോട്ടങ്ങള്‍, കെട്ടിടങ്ങള്‍, കൊട്ടാരങ്ങള്‍ മുതല്‍ കുന്നുകളും, കാടുകളും, ഗ്രാമവീഥികളും, നാഷണല്‍ ഹൈവേയും, പോഷ് വീടുകളും, എയര്‍പോര്‍ട്ടും, റെയില്‍വേ സ്റ്റേഷനും, ബസ് സ്റ്റേഷനും തുടങ്ങി പറഞ്ഞാല്‍ തീരാത്ത വിസ്മയങ്ങള്‍ ഒരു 2000 ഏക്കറില്‍. ഇതെല്ലാം രാമോജി റാവു എന്ന ഒരു മനുഷ്യന്റെ ബുദ്ധിയില്‍ ഉദിച്ചതാണല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഇടിവിയുടെ അമരക്കാരനും രാമോജി റാവുവാണ്. അതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതിനകത്താണ്.

യുറേക്കയിലെ ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ് ഷോയില്‍ നിന്നാണ് രാമോജിയിലെ വിസ്മയക്കാഴ്ചകളുടെ തുടക്കം. പിന്നീട് വൈല്‍ഡ് വെസ്റ്റ് സ്റ്റന്‍ഡ് ഷോ എന്ന ഹോളിവുഡ് സ്റ്റൈലിലുള്ള പ്രൊഫഷണല്‍ സ്റ്റണ്ട് ഷോ. ഫിലിമി ദുനിയായില്‍ ഒരു സിനിമയുടെ പ്രൊഡക്ഷന്‍ എങ്ങനെയെന്ന് വിശദീകരിക്കുന്നു. കാണികളെ കൂടി ഉള്‍പ്പെടുത്തി ഷോലെ സിനിമയിലെ ഒരു ഭാഗമാണ് സ്റ്റേജില്‍ ചിത്രീകരിക്കുന്നത്. മെര്‍ലിന്‍ മണ്‍റോയുടെ പ്രശസ്തമായ ഒരു സ്റ്റാച്യു ഉണ്ട് ഈ സ്റ്റുഡിയോയില്‍ . ഇവിടെ നിന്ന് പുറത്തിറങ്ങിയാല്‍ രാമോജിയുടെ നല്ല ചുവപ്പു കളര്‍ ബസില്‍ കയറി ഫിലിം സിറ്റി ചുറ്റാം. അതേന്നെ, ഉദയനാണ് താരത്തില്‍ കണ്ട അതേ ചുവപ്പ് ബസ്. ബസ് നേരെ വിടുന്നത് ലണ്ടനിലെ പ്രിന്‍സസ് സ്ട്രീറ്റിലേക്ക്. അവിടെ നിന്ന് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലേക്ക്. ഒരു വളവ് തിരിയും മുമ്പെത്തും മുഗള്‍ ഗാര്‍ഡനും, ഷാലിമാര്‍ പൂന്തോട്ടവും. താജ്മഹല്‍, ഫത്തേപ്പുര്‍ സിക്രി, ഹവാ മഹല്‍, ഗോള്‍ഡന്‍ ടെമ്പിള്‍, ഗെയ്റ്റ്‌വേ ഓഫ് ഇന്ത്യ, ജാപ്പനീസ് ഗാര്‍ഡന്‍, പറഞ്ഞാല്‍ തീരില്ല രാമോജിയുടെ വിശേഷങ്ങള്‍.

dsc05530

ദാ എയര്‍പോര്‍ട്ട് എത്തി. ബസ് ഇവിടെ നിര്‍ത്തും. ടിക്കറ്റും വിസയും, പാസ്‌പോര്‍ട്ടും ഇല്ലാതെ ലോകത്ത് എവിടെ വേണേലും ഒന്നു പോയി വരാം ഈ വിമാനത്തില്‍ കയറി. അടുത്ത ബസ് പിടിക്കേണ്ടത് കാഞ്ചഗുഡ റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ നിന്നാണ്. അമര്‍ അക്ബര്‍ അന്തോണിയില്‍ ജയസൂര്യ നമിതയുടെ പുറകെ പാട്ടും പാടി നടക്കുന്നത് ഈ റെയില്‍വേ സ്റ്റേഷനിലാണ്. കയ്യില്‍ ഒരു ചാര്‍ട്ടുമായി ഒരു ടിടിആര്‍ എപ്പോഴും സ്റ്റേഷന്‍ പരിസരത്ത് കാണും.
അടുത്ത വണ്ടിയില്‍ കയറി നീങ്ങുമ്പോള്‍ ദാ കാണുന്നു ഒരു കൂറ്റന്‍ ജയില്‍. എത്രയോ സിനിമകളില്‍ അന്താരാഷ്ട്ര കുറ്റവാളികളെ പാര്‍പ്പിച്ചിരുന്നിടമാണ്. കുറച്ച് മുമ്പോട്ട് പോയപ്പോള്‍ ചന്ദ്രമുഖിയിലെ ലക ലക പാട്ട് സീന്‍ ചിത്രീകരിച്ച മഹലിന്റെ മുന്‍പിലെത്തി. ഈ കെട്ടിടം ഒരേ സമയം സ്‌കൂളായും, കോളേജായും, ആശുപത്രിയായും, കൊട്ടാരമായും, വേണമെങ്കില്‍ കോടതി വരെയുമാക്കാമത്രെ. ഒരേ സമയം 5 സിനിമകളുടെ ചിത്രീകരണം ഇവിടെ നടത്താമെന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞപ്പോ ശരിക്കും അന്തം വിട്ടു പോയി.
ആലംപന, ചാണക്യ, ഗംഗ, ജമുന ഒക്കെയാണ് റെസ്റ്റോറന്റുകള്‍.  ആലംപനയും ചാണക്യയുമൊന്നും സാധാരണക്കാരന് അടുക്കാന്‍ പറ്റില്ല എന്ന് മാത്രം.. ഒരു ഓട്ട പ്രദക്ഷിണം നടത്തി വൈകിട്ട് 6.30യോടെ ഞങ്ങള്‍ തിരിച്ച് പോന്നു ലോകത്തിന്റെ വിസ്മയത്തോട് മറ്റൊരിക്കല്‍ വരാം എന്ന് പറഞ്ഞിട്ട്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്‌സ് എന്ന ഗിന്നസ് റെക്കോര്‍ഡുള്ള രാമോജി ഫിലിം സിറ്റിയുടെ വിശേഷങ്ങള്‍ ഒറ്റ ദിവസം കൊണ്ട് കണ്ട് തീര്‍ക്കാനാകില്ല, വിശേഷങ്ങള്‍ ഒരു പാരാഗ്രഫില്‍ പറഞ്ഞാല്‍ ഒതുങ്ങുകയുമില്ല.
ഹുസൈന്‍ സാഗര്‍ തടാകം കാണാന്‍ വരേണ്ടിയിരുന്നില്ലെന്ന് തോന്നി. ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി ഗണപതി വിഗ്രഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തടാകം. ചില ഗ്രൂപ്പുകള്‍ പരിസ്ഥിതി സൗഹാര്‍ദ ഗണേശന്‍ എന്നൊക്കെ ലേബല്‍ ഒട്ടിച്ചാണ് ഒഴുക്കുന്നത്. ദിവസേന തള്ളൂന്ന മാലിന്യങ്ങള്‍ക്ക് പുറമെയാണ് ഇത്തരം സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഉത്സവ ദുരിതങ്ങള്‍ സമ്മാനിക്കുന്ന മാലിന്യങ്ങളും.
ഒരു കനത്ത മഴയിലാണ് ചാര്‍മിനാര്‍ എത്തിയത്. വഴിക്കിരുവശവും കടകള്‍. തെരുവു കച്ചവടക്കാരെ തട്ടാതെ ഒരു അടി മുന്നോട്ട് വെയ്ക്കാന്‍ പ്രയാസം. സ്റ്റെപ്പ് കയറി മുകളിലേക്ക് പോയില്ല. കനത്ത മഴയും ചെളിയും, അതിഭയങ്കര തിരക്കും. ഇപ്പോഴും നവീകരണം നടക്കുന്നുണ്ട് ചാര്‍മിനാറില്‍.
ചരിത്രപ്രാധാന്യമുള്ള ചില ആരാധാനാലയങ്ങള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ മതത്തിന്റെ കണ്ണിലൂടെ മാത്രം നോക്കാന്‍ വിധിക്കപ്പെടാറുണ്ട്. മക്കാ മസ്ജിദിനെ കുറിച്ച് നല്ല ഓര്‍മ്മകളുമായല്ല ഞങ്ങള്‍ മടങ്ങിയത്. ഒരു പക്ഷേ ഹൈദരബാദില്‍ ഉണ്ടായ ഏക മോശം അനുഭവം.ഷെമിന്‍ ധരിച്ചിരുന്ന ഫുള്‍ സ്‌കര്‍ട്ട് അവിടെ അനുവദനീയമല്ല എന്ന് പറഞ്ഞതിനെ ഞങ്ങള്‍ ചോദ്യം ചെയ്തത് കുറച്ചു സമയം സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറരുതെന്ന വിധി കേട്ടപ്പോള്‍ ഞാന്‍ മസ്ജിദ് സംഭവം ഓര്‍ത്തു. എന്നായിരിക്കാം ആചാരങ്ങളെ ഇത്രയും നിസാര കാര്യങ്ങളില്‍ നിന്നും നമുക്ക് വേര്‍പെടുത്താന്‍ കഴിയുക. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് തന്നെ കരുതാം അല്ലേ.
ചാര്‍മിനാറിലാണ് വളകള്‍ക്ക് പ്രസിദ്ധമായ ലാഡ് ബസാര്‍(ചൂഡി ബസാര്‍). നൈസാമിന്റെ കാലം മുതലേ പ്രസിദ്ധമാണിത്. വളകളുടെ ഭംഗി കണ്ട് ആസ്വദിക്കാനും ഫോട്ടോയെടുക്കാനും മാത്രമായി ഞങ്ങള്‍ കുറെ ഷോപ്പുകള്‍ കയറിയിറങ്ങി. അടുക്കാന്‍ പറ്റാത്ത വിലയാണ് എവിടേം..
ബാലയുടെ പോര്‍ട്രയിറ്റ് വരച്ച് തരാമെന്ന് സലര്‍ജങ് മ്യൂസിയത്തില്‍ വെച്ച് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. വര കഴിഞ്ഞപ്പോള്‍ ഇതാരാണെന്ന് അയാളോട് ചോദിക്കേണ്ടി വന്നു. ഇതെന്റെ മകളല്ല എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കാത്ത കുഞ്ഞ് ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്ന് തിരിച്ച് ചോദിച്ച് 50 രൂപയും വാങ്ങിപ്പോയി അയാള്‍. ഇത്ര കുഞ്ഞിലെ ഇവള്‍ പറയിപ്പിച്ചല്ലോ എന്നവരും.
നൈസാമിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് മിര്‍ യൂസഫ് അലി ഖാന്‍ സലര്‍ ജങിന്റെ സ്വകാര്യ ശേഖരമാണ് മ്യൂസിയമാക്കി മാറ്റിയത്. അദ്ദേഹതിന്റെ മരണസേഷം സര്‍ക്കാര്‍ ഏറ്റെടുത്ത് 1951ല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ചരിത്രകുതുകികളുടെ പ്രിയപ്പെട്ട ഇടമാണ് ഈ മ്യൂസിയം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നാണിത്. രണ്ട് നിലകളിലായി 38 ഗാലറികള്‍ ഉണ്ട്. ക്ലോക്കുകള്‍ക്ക് മാത്രമായി ഒരു ഗാലറി ഉണ്ടിവിടെ. നെപ്പോളിയന്‍, ലൂയി പതിനാലാമന്‍, പതിനഞ്ചാമാന്‍ തുടങ്ങിയവരുടെ കാലത്തെയൊക്കെ ക്ലോക്കുകള്‍ ഇവിടെ കാണാം. ഇംഗ്ലണ്ടില്‍ നിന്നുള്ള മ്യൂസിക് ക്ലോക്കാണ് സന്ദര്‍ശകരെ ഏറ്റവും ആകര്‍ഷിക്കുന്നത്. ഓറംഗസേബിന്റെ വാള്‍, ടിപ്പു സുല്‍ത്താന്റെ ടര്‍ബന്‍, വസ്ത്രങ്ങള്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന കസേര ഒക്കെ ശേഖരത്തിലുണ്ട്. ഈജിപ്റ്റ്, സിറിയന്‍, പേര്‍ഷ്യന്‍ ഫര്‍ണ്ണീച്ചറുകളുടെ ഒരു വിപുലമായ ശേഖരവും കാണാം.
സ്‌കള്‍പ്ചര്‍ ഗാലറിയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ഒറ്റത്തടിയില്‍ തീര്‍ത്ത ഫ്രാന്‍സില്‍ നിന്നുള്ള ഒരു ഡബിള്‍ ഫിഗര്‍ കണ്ടു. മെഫിസ്റ്റോഫിലിസും മാര്‍ഗറിറ്റയും. ഡോക്ടര്‍ ഫോസ്റ്റ് നാടകത്തിലെ പ്രസിദ്ധമായ കഥാപാത്രങ്ങള്‍.. മുമ്പില്‍ നിന്ന് നോക്കുമ്പോള്‍ കാണുക മെഫിസ്റ്റോഫിലിസിനെയാണ്. പുറകില്‍ വെച്ചിരിക്കുന്ന കണ്ണാടിയില്‍ എന്നാല്‍ കാണുക മാര്‍ഗറിറ്റയെയും. നന്മയും  തിന്‍മയും ഒരാളില്‍ തന്നെ. ശില്‍പി ആരെന്ന് അറിയില്ലെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ ശില്‍പി ബെന്‍സോണിയുടെ വെയില്‍ഡ് റെബേക്കയാണ് മറ്റൊരു ആകര്‍ഷണം. ലോക പ്രശസ്തരായ പല ചിത്രകാരന്‍മാരുടെയും പെയിന്റിംഗുകളുടെ കോപ്പികള്‍ അവിടെ കാണാം. വെയില്‍ഡ് റെബേക്ക ഒറിജിനല്‍ ആണ്. ഗ്‌ളാസ്, പോര്‍സെലയിന്‍ ഗാലറിയും എടുത്ത് പറയേണ്ട ഒന്നാണ്. ഇന്ത്യന്‍ മിനിയേച്ര്‍ പെയിന്റിംഗ്‌സ്, രാജാ രവി വര്‍മ്മ ചിത്രങ്ങളും കാണേണ്ടവ തന്നെ.

പിറ്റേന്ന് പെരുന്നാളാണ്. റോഡ് മുഴുവനും ആടുകള്‍ കയ്യേറിരിക്കുകയാണ്. സെയ്ഫു കാര്യമായി ഫോട്ടോ എടുത്തു കൊണ്ടിരുന്നു. ആടുകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പലരും പെരുന്നാളിന് ക്ഷണിച്ചു. നാളെ തിരിച്ചു പോകുമെന്ന് പറഞ്ഞ് ഒഴിഞ്ഞു. വൈകിട്ട് കനത്ത മഴയില്‍ ഹോട്ടലില്‍ തിരിച്ചെത്തുമ്പോള്‍ ഗെയ്റ്റിന് മുന്‍പില്‍ ഒരു കുടുംബം നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്നു. ശ്രദ്ധിക്കാതെ കടന്നു പോകാമെന്ന് ആദ്യം കരുതിയെങ്കിലും കൊച്ചു കുട്ടികളുമായുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ അങ്ങനെ പോകുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. കാര്യം അന്വേഷിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇറക്കി വിട്ടതാണത്രെ. കൃത്യമായി ജോലിയോ, ശമ്പളമോ ഇല്ല. കുറച്ചെങ്കിലും വാടക കൊടുത്താല്‍ ഉടമസ്ഥന്‍ ഒന്നയഞ്ഞേക്കും എന്ന പ്രതീക്ഷയില്‍ രാവിലെ മുതല്‍ അലയാന്‍ തുടങ്ങിയതാണ് ഭാര്യയും കുട്ടികളുമായി. സ്ത്രീകളായതു കൊണ്ടാകാം ബുര്‍ഖയില്‍ പൊതിഞ്ഞതാണെങ്കിലും അവര്‍ അത് മാറ്റി അപേക്ഷയോടെ ഞങ്ങളെ ഒന്ന് നോക്കി. കുറച്ച് പൈസയും കയ്യിലുണ്ടായിരുന്ന ആശിച്ച് മോഹിച്ച് വാങ്ങിയ കറാച്ചി ബിസ്‌കറ്റിന്റെ പാക്കറ്റുകളും ഷെമിന്‍ ആ കുട്ടികള്‍ക്ക് കൊടുത്തു. അവരെ ആ മഴയത്ത് ഉപേക്ഷിച്ച് ഞങ്ങള്‍ മുറിയിലേക്ക് പോന്നു, മറ്റു നിവൃത്തിയില്ലാതെ.
വൈകിട്ട് 4 മണിക്കാണ് റിട്ടേണ്‍ ഫ്‌ളൈറ്റ്. അതുകൊണ്ട് ലഗേജ് എല്ലാം റെഡിയാക്കി ഹോട്ടലില്‍ വെച്ചിട്ട് ഒരു അവസാന വട്ട കറക്കത്തിന് ഞങ്ങള്‍ പുറത്തിറങ്ങി. കനത്ത മഴ. ഒരു ഓട്ടോ പിടിച്ച് ബഞ്ചാര ഹില്‍സ് മുഴുവന്‍ കറങ്ങി. ഞങ്ങളുടെ പ്രിയപ്പെട്ട ഉഡുപ്പി ഹോട്ടലില്‍ നിന്നും ജീരകച്ചോര്‍ കഴിച്ച് എയര്‍പോര്‍ട്ടിലേക്ക് ഒരു ഉബറില്‍ പുറപ്പെട്ടു.
കാഴ്ചകളുടെ കുളിര്‍മ്മയ്‌ക്കൊപ്പം സൗഹൃദങ്ങളുടെ ഒത്തുചേരലുകള്‍ കൂടിയാണ് യാത്രകള്‍. ഇനി ഒത്തു ചേരേണ്ട സ്ഥലവും, ദിവസവും നിശ്ചയിച്ചായിരുന്നു ഞങ്ങള്‍ ഹൈദരബാദില്‍ നിന്നും മടങ്ങിയത്.