വാഗ് ദി ഡോഗ്
ഞാൻ കണ്ട സിനിമ- ജോസ്ലെറ്റ് ജോസെഫ് എഴുതുന്നു
വാഗ് ദി ഡോഗ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിലവിലെ പ്രസിഡന്റിനു മേല്‍ ലൈംഗിക പീഡന ആരോപണം ഉണ്ടാവുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. ജനശ്രദ്ധ മുഴുവന്‍ ഈ വിഷയത്തിലായതിനാല്‍ പ്രസിഡന്റിന്റെ തോല്‍വി ഏറെക്കുറെ ഉറപ്പാണെന്ന് വിദഗ്ദര്‍ കണ്ടെത്തുന്നു. പ്രസിഡന്റിനെ സംരക്ഷിച്ചുകൊണ്ട് സാഹചര്യത്തെ തന്ത്രപരമായി നേരിടാന്‍ വൈറ്റ്ഹൌസിലെ കുശാഗ്രബുദ്ധിയായ കൊനാഡ് ബ്രീന് എന്ന വ്യക്താവ് തീരുമാനിക്കുന്നു. അയാള്‍ ഒരു പ്രശസ്ത ഹോളിവുഡ് സിനിമ നിര്‍മ്മാതാവുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു.
അല്‍ബേനിയയുമായി പെട്ടെന്ന് ഉണ്ടാകുന്ന ഒരു യുദ്ധത്തിലേക്ക് രാജ്യത്തെ വാര്‍ത്താ ചാനലുകളുടെ ശ്രദ്ധ തിരിയുന്നു. ഹോളിവുഡ് സിനിമക്കാരന് കൃത്രിമമായി സൃഷ്ടിച്ചെടുത്ത സെറ്റും വ്യാജയുദ്ധത്തിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ചാനലുകള്‍ വിളമ്പിയത്. വിഷയം ശ്രദ്ധയില്‍ പെട്ട അമേരിക്കന്‍ ചാര സംഘടന CIA നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്തുന്നു. അധികാരകേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിജീവിച്ച് സത്യാവസ്ഥ വെളിപ്പെടുത്താന്‍ മാര്‍ഗ്ഗമില്ലെങ്കിലും യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിപ്പിച്ച് പ്രസിഡന്റിന്റെ ഉപചാപകവൃന്ദത്തിന്റെ തുടര്‍നീക്കങ്ങള്‍ക്ക് തടയിടുന്നു. വീണ്ടും മാധ്യമങ്ങള്‍ ലൈഗികവിഷയത്തിലേക്ക് തിരിയുന്നു.
1997ല്‍ ഈ ചിത്രം ഇറങ്ങിയതിന്റെ അടുത്ത മാസങ്ങളിലാണ് പ്രസിഡന്റ് ബില്ക്ലിന്റന്-മോണിക്ക ലെവന്‍സ്കി അവിഹിതം പുറംലോകത്തെത്തുന്നത്. അന്നും സുഡാനിലെ അല്‍ഷിഫാ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിക്ക് അല്‍ക്വയ്ദ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ച് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയിരുന്നു എന്നതും ചരിത്രവസ്തുതയാണ്.
സിനിമയില്‍ പ്രശ്നങ്ങള്‍ അവിടെക്കൊണ്ട് അവസാനിക്കുന്നില്ല. വീണ്ടും സൂത്രധാരനും സിനിമാക്കാരനും ചേര്‍ന്ന് സംഭവങ്ങള്‍ പുതിയ ദിശയിലേക്ക് തിരിച്ചുവിടുന്നു. സിനിമാ കഥയിലെപ്പോലെ ഒരു ട്വിസ്റ്റ്. അവര്‍ ഒരു യുദ്ധവീരനെ സൃഷ്ടിക്കുന്നു. ജനം അയാളുടെ വീരകഥകള്‍ക്ക് പിന്നാലെ പായുന്നു. പ്രത്യേക സാഹചര്യത്തില്‍ അയാളും കൊല്ലപ്പെടുന്നു. അതിനെയും സാധൂകരിക്കുന്ന വിശദീകരണങ്ങള്‍ വരുന്നു. ഒടുവില്‍ ഉപചാപകര്‍ ലക്ഷ്യം കൈവരിക്കുന്നു. പ്രസിഡന്റ് വിജയിക്കുന്നു. ജീവിത പ്രതിസന്ധികളോട്, വ്യാജമായ ആരോപണങ്ങളോട് ഒക്കെ പടപൊരുതി വിജയിച്ച നേതാവ് ‘നാഷണല്‍ ഹീറോ’യാകുന്നു.
കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ കപട മുഖങ്ങളെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് കാര്യമായ അറിവൊന്നും ഇല്ലാതിരുന്ന കാലത്ത് അത്ഭുതത്തോടും അവിശ്വസനീയതയോടും ആസ്വദിച്ചിരുന്ന ഈ സിനിമയുടെ ചുറ്റുപാട് ഇന്ന് നമുക്ക് പരിചിതമാണ്. ആയുധമായാലും ആശയമായാലും വികസിത രാജ്യങ്ങളില്‍ പരീക്ഷിച്ച തന്ത്രങ്ങള്‍ കാലക്രമേണ വികസ്വരരാജങ്ങളില്‍ എത്തിപ്പെടുന്നു. സിനിമ സംവദിക്കുന്ന കറുത്തഹാസ്യം ഇന്നിന്റെ യാഥാര്‍ഥ്യങ്ങളോട് ചേര്‍ത്തുവെക്കുമ്പോള്‍ അതാത് ദേശങ്ങളിലെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനാവുന്ന അനുഭവമാകുന്നു. വ്യാജ ആക്രമണങ്ങളും കെട്ടിച്ചമച്ച വാര്‍ത്തകളും നിത്യേന പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. വഴികാട്ടേണ്ട മാധ്യമങ്ങള്‍ക്ക് ദിശതെറ്റുമ്പോള്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മറ്റു തൂണുകളിലും വിള്ളലുണ്ടാവുന്നു.
ലാറി ബിന്‍ഹാര്‍ട്ടിന്റെ ‘അമേരിക്കന്‍ ഹീറോ’ എന്ന നോവലിന്റെ ചുവടുപിടിച്ചാണ് ‘വാഗ് ദ ഡോഗിന്റെ’ തിരക്കഥയൊരുക്കിയിരിക്കുന്നത്. ലോകസിനിമയിലെ അഭിനയ കുലപതികളായ റോബര്‍ട്ട് ഡി നിറോയും ഡസ്റ്റന് ഹോഫ്മാനും ഈ ചിത്രത്തില്‍ മത്സരിച്ചഭിനയിച്ചിരിക്കുന്നു. സ്ടാന്ലി മോട്ട്സ് എന്ന സിനിമാ നിര്‍മ്മാതാവിന്റെ കഥാപാത്രം ഡസ്റ്റന് ഹോഫ്മാന്‍ 1998 മികച്ച നടനുള്ള ഓസ്കാര്‍ നോമിനേഷന് നേടിക്കൊടുത്തു.