കബാലീ ടാ…
”തമിഴ് പടങ്ങളില ഇങ്ക മറുകു വച്ചേക്കിട്ട് മീസ മുറുക്കിക്കിട്ടു ലുങ്കി കെട്ടിക്കിട്ടു നമ്പ്യാര്‍, ഹേയ് കബാലി..അപ്പാടീന്ന് സൊന്ന ഉടനെ ..കുനിഞ്ച് സൊല്ലുങ്ക യെജമാ ..അപ്പടി വന്ത് നിപ്പാനേ …അന്ത മാതിരി കബാലിന്ന് നെനച്ചാടാ…”
വില്ലന്റെ താവളത്തിൽ കയറിച്ചെന്ന് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കബാലിയായ സ്റ്റൈൽ മന്നൻ രജനികാന്ത് ഈ ഡയലോഗ് പറയുമ്പോൾ ആരാധകരുടെ രോമകൂപങ്ങൾ ഉണരും, സിരകളിലെ രക്തം ചൂടു പിടിക്കും. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം കബാലി തലയ്ക്കു മുകളിലെ ക്രോസ്സ് ബാറിൽ തൂങ്ങിയാടി വില്ലനെ ഒറ്റ ചവിട്ടിൽ എട്ടടി ദൂരത്തേക്ക് തെറിപ്പിച്ച ശേഷം സ്റ്റൈൽ മന്നൻ സ്റ്റൈലായി തന്നെ പറയും. ആരാധകരുടെ ആവേശം വാനോളം ഉയർത്തിക്കൊണ്ടുള്ള ആ പഞ്ച് ഡയലോഗ്.
കബാലീ ടാ….
ആരാധകർക്ക് അത്രയും മതി. തമിഴകം ഹൃദയത്തിൽ സ്വീകരിച്ച തലൈവർ തിരുമ്പി വന്തിട്ടേന്നു സൊന്നാൻ.
പല തലമുറ താരങ്ങള്‍ വന്നുപോയിട്ടും പ്രായം അറുപത്തിയഞ്ചു കഴിഞ്ഞിട്ടും രജനീകാന്തിനോളം സ്വീകാര്യതയുള്ള തമിഴ് താരം വേറെയില്ല. തമിഴകത്തു മാത്രമല്ല മലേഷ്യയിലും ജപ്പാനിലും സിംഗപ്പൂരിലും ഗൾഫിലും അമേരിക്കയിലുമായി രജനികാന്തെന്ന താരത്തിന്റെ മൂല്യം കൂടിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് കബാലി എന്ന ചിത്രത്തിനു കിട്ടിയ സ്വീകാര്യത. എത്ര വീഴ്ചകൾ ഉണ്ടായാലും പതിന്മടങ്ങു ശക്തിയോടെ തിരിച്ചു വരുന്ന രജനികാന്ത് ചിത്രങ്ങളിലെ നായകന്മാരെ പോലെ ഈ താരത്തിന്റെ മൂല്യവും നാൾക്കുനാൾ കൂടി വരുന്നു. കറുത്ത സൂര്യന്റെ ശോഭ എന്ന് നമൻ രാമചന്ദ്രൻ രജനിയെ കുറിച്ചെഴുതിയ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ തമിഴകത്തുദിച്ച കറുത്ത സൂര്യനാണ് രജനി. അതിന്റെ ജ്വാല തമിഴകം കടന്ന് ലോകം മുഴുവൻ പരക്കുന്നു.
റിലീസാകുന്നതിനു മുമ്പ് തന്നെ ട്രെയ്ലറിലൂടെ പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് കബാലി. എന്നാൽ ഉണ്ടാക്കിയ അല്ലെങ്കിൽ ഉണ്ടായിപ്പോയ ഹൈപ്പ് ചിത്രത്തിനു ദോഷമായി മാറി. രജനികാന്തിന്റെ കരിയറിലെ മികച്ച ചിത്രമൊന്നുമല്ല കബാലി. പുതിയ കാലത്തെ ആസ്വാദനത്തെയും സിനിമയിലുണ്ടായ മാറ്റങ്ങളെയും കൃത്യമായ പരിഗണിച്ചുള്ള ചുവടുമാറ്റമായി കബാലിയെ വിശേഷിപ്പിക്കാമെങ്കിലും രജനികാന്ത് ഇതിനു മുമ്പ് അഭിനയിച്ച പല ചിത്രങ്ങളെയും പോലെ അല്ലെങ്കിൽ തമിഴ് സിനിമ കാലങ്ങളായി മുന്നോട്ടു വയ്ക്കുന്ന കഥാ പശ്ചാത്തലം തന്നെയാണ് കബാലിയിലും. കഥ നടക്കുന്നത് തമിഴ്നാടിനു പുറത്തായതിനാലും മലേഷ്യ തായ്ലൻഡ് പോണ്ടിച്ചേരി എന്നിവിടങ്ങളിലൂടെ കഥ വികസിക്കുന്നതിനാലും മുഖ്യ പ്രതിനായകൻ ചൈനാക്കാരനായതിനാലും ചിത്രത്തിന്റെ പശ്ചാത്തലം അന്താരാഷ്ട്രീയമാണ് എന്നല്ലാതെ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല.
മൈലാപ്പൂരില്‍ ജനിച്ച് വളര്‍ന്ന് മദ്രാസില്‍ നിന്ന് മലേഷ്യയിലേക്ക് അധോലോക സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനി അവതരിപ്പിക്കുന്നത്. തലൈവർ അധോലോക നായകൻ ആവുമ്പോൾ അതു സ്വന്തം നേട്ടത്തിന് വേണ്ടിയാവില്ലല്ലോ. സമൂഹ നന്മയാണ് കബാലീശ്വരന്റെയും ലക്ഷ്യം. മയക്കുമരുന്ന്, ലൈംഗിക വ്യാപാരം എന്നിവക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നായകൻ. അങ്ങനെ ക്ളീഷേകൾ നിറഞ്ഞ കഥാ സന്ദർഭങ്ങൾ. എങ്കിലും സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ദുഷ്പ്രവണതകൾ എതിർക്കപ്പെടേണ്ടതാണ് എന്നു ആവർത്തിച്ചു പറയുന്നതിൽ തെറ്റില്ല എന്നും വാദത്തിനു പറയാം.
രജനികാന്തിന്റെ ഭാര്യയായ കുമുദ വല്ലിയെന്ന കഥാപാത്രത്തെ രാധിക ആപ്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അമിത ഭാവാഭിനയമല്ല മൂകമായ നോട്ടം കൊണ്ടും നേർത്ത ചിരി കൊണ്ടും കഥാപാത്രത്തിന് യോജിച്ച അഭിനയം കാഴ്ചവെക്കാൻ ഈ നടിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രായ വ്യത്യാസം വളരെ കൂടുതലാണെങ്കിലും രജനികാന്തിന്റെ ഭാര്യ വേഷം രാധിക ആപ്തെ അരോചകമാക്കിയില്ല. മകളായി അഭിനയിച്ചത് ധൻസികയാണ്.
തമിഴ് നവനിരയിലെ ശ്രേദ്ധേയനായ ചലച്ചിത്രകാരന്മാരില് ഒരാളാണ് സംവിധായകനായ പാ രഞ്ജിത് . അട്ടക്കത്തി,മദ്രാസ് എന്നീ രണ്ട് സിനിമകളിലും സ്ഥിരം ശൈലിയെയും ഫോര്‍മുലകളെയും നിരസിച്ചുള്ള അവതരണരീതി പാ രഞ്ജിത് പരിചയപ്പെടുത്തിയിരുന്നു. അവതരണത്തിലെ മികവ്, സംഗീതത്തിന്റെയും പശ്ചാത്തലസംഗീതത്തിന്റെയും ശബ്ദസങ്കലനത്തിന്റെയും മികച്ച വിന്യാസവും എന്നിവ ഈ യുവ സംവിധായകന്റെ പ്ലസുകളാണ്. കബാലിയിലും ഇതെല്ലാം ചേരും പാടി ചേർന്നിട്ടുണ്ട്.
തമിഴ്പുതുനിരയിലെ മിക്ക സിനിമകള്‍ക്കും ഈണമൊരുക്കിയ സന്തോഷ് നാരായണന് ആണ് സംഗീതവും പശ്ചാത്തല ഈണവും. അട്ടക്കത്തി, പിസ,ജിഗര്‍തണ്ട, ഇരൈവി ഉള്‍പ്പെടെ പ്രേക്ഷകർ സ്വീകരിച്ച ഈണവും പശ്ചാത്തലവുമൊരുക്കിയ ആളാണ് സന്തോഷ് നാരായണന്. സന്തോഷ് നാരായണന്റെ ത്രസിപ്പിക്കുന്ന തീം മ്യൂസിക് കൂടിയാണ് കബാലി ടീസറിനെ വൈറലാക്കിയത്. ജി മുരളിയാണ് ക്യാമറ. മലേഷ്യയുടെയും, തായ്ലാൻഡിന്റെയും നഗര കാഴ്ചകളെ വളരെ മനോഹരമായ ഫ്രയിമുകളാക്കി അവതരിപ്പിക്കുന്നതിൽ മുരളി വിജയിച്ചു. പ്രവീണ്‍ കെഎല്‍ ആണ് എഡിറ്റര്‍.
കലൈപുലി എസ് താണുവാണ് കബാലിയുടെ നിര്‍മ്മാതാവ്. 1978ല്‍ ഭൈരവി എന്ന സിനിമയ്ക്ക് ശേഷം രജനിയും കലൈപുലി താണുവും ഒരുമിക്കുന്ന സിനിമയുമാണ് കബാലി. മലേഷ്യ,ബാങ്കോക്ക്,ഗോവ,ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.
രജനികാന്തിൽ നിന്നു ആരാധകർ പ്രതീക്ഷിച്ചത് ഏതാണ്ടെല്ലാം കബാലിയിൽ ഉണ്ട്. ക്ളാസിക് പഞ്ച് ഡയലോഗ്, സ്റ്റൈൽ, വൈകാരിക മുഹൂർത്തങ്ങൾ, സംഘട്ടനം എല്ലാം. എങ്കിലും കാലത്തിനൊത്ത കഥകൾ സ്വീകരിക്കുന്നതിൽ രജനികാന്തും പരാജയപ്പെട്ടുവെന്ന തോന്നലുളവാക്കും ഈ ചിത്രം. രജനി ചിത്രങ്ങളിലെ യുക്തിയില്ലായ്മ കബാലിയിലും ആവോളമുണ്ട്.
എങ്കിലും രജനി ആരാധകരെ സംബന്ധിച്ചു ഇതൊന്നും ഒരു കുറവല്ല. കാരണം ആത്യന്തികമായി ഇതൊരു രജനി പടമാണ്. അതിങ്ങനെയൊക്കെയാണ് എന്നതു തന്നെ. അതു കൊണ്ടാണ് ആരാധകർ തീയറ്റർ വിട്ടു പോരുമ്പോൾ ആവേശം കുറയാതെ കൂക്കി വിളിച്ചു പറയുന്നത് ”നെരിപ്പെടാ”