മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍

malayalathinte--

പുസ്തക പരിചയം- മലയാളത്തിന്റെ സുവർണ്ണ കഥകൾ

അധ്യാപകനും നിരൂപകനുമായ എം കൃഷ്ണൻനായർ തിരഞ്ഞെടുത്ത പതിനെട്ടു കഥകൾ.
മരപ്പാവകൾ- കാരൂർ നീലകണ്‌ഠപ്പിള്ള
നീലവെളിച്ചം- വൈക്കം മുഹമ്മദ്‌ ബഷീർ
വെള്ളപ്പൊക്കത്തിൽ-തകഴി ശിവ ശങ്കരപ്പിള്ള
ഒട്ടകം- എസ് കെ പൊറ്റക്കാട്
വാടകവീടുകൾ – ഉറൂബ്
മകൻ- കോവിലൻ
ഭയം- പാറപ്പുറത്ത്
കോഴി മൂന്നുവട്ടം കൂവി- എൻ പി മുഹമ്മദ്‌
പ്രകാശം പരത്തുന്ന പെൺകുട്ടി- ടി പദ്മനാഭൻ
ചുവന്ന പാവാട- മാധവിക്കുട്ടി
മൂന്നാമതൊരാൾ- മുണ്ടൂർ കൃഷ്ണൻ കുട്ടി
ആറാമത്തെ വിരൽ- ആനന്ദ്
കാലാൾ കാവലാൾ- പി വത്സല
ക്ഷേത്രവിളക്കുകൾ – പുനത്തിൽ കുഞ്ഞബ്ദുള്ള
തീവണ്ടിക്കൊള്ള – സക്കറിയ
പ്ലാസ്റ്റിക്‌ കണ്ണുള്ള അൽസേഷൻ പട്ടി- ജോൺ എബ്രഹാം
മുടിത്തെയ്യമുറയുന്നു- സാറാ ജൊസഫ്
ഹിഗ്വിറ്റ- എൻ എസ് മാധവൻ
ഒന്നുകിൽ കലാത്മകതയുടെ ഉജ്ജ്വലത അല്ലെങ്കിൽ കലാശൂന്യതയുടെ കൊടുംതിമിരം ഇതു മാത്രമേ എനിക്കംഗീകരിക്കാനാവൂ എന്നായിരുന്നു അദ്ധേഹത്തിന്റെ നിലപാട്.
ഗ്രീൻ ബുക്സ് ആണ് പ്രസാധകർ
ജയചന്ദ്രൻ നായർ എഴുതിയത്.

ഞാന്‍ അറിയുന്ന കൃഷ്ണന്‍ നായര്‍

കൃഷ്ണന്‍ നായര്‍ വൃദ്ധനാകാന്‍ ഇഷ്ടപ്പെട്ടില്ല. കാലത്തെ തടയാനുള്ള വിദ്യ അറിയാമായിരുന്നുവെങ്കില്‍ അദ്ദേഹം ആ വഴിയിലൂടെ നടക്കുമായിരുന്നു. യയാതി സിന്‍ഡ്രോമായിരുന്നില്ല ഇതിനു പിന്നില്‍. വായിച്ചാലും തീരാത്ത പുസ്തകങ്ങള്‍ – ഇതിനിടയില്‍ ഒരായുഷ്‌കാലത്ത് വായിക്കാവുന്ന പുസ്തകങ്ങള്‍ അദ്ദേഹം ‘ഭക്ഷി’ച്ചിരുന്നു – തന്റെ പരിലാളനം കാത്തു കിടക്കുകയാണെന്ന വേവലാതിയായിരുന്നു കാലത്തിന്റെ മുഖത്തു നോക്കി ‘മാറിപ്പോ’ എന്ന് ആക്രോശിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷെ, കാലം അതിന്റെ ധര്‍മ്മത്തില്‍ മുഴുകി. വഴിയോരത്തിന്റെ ഇരുവശങ്ങളിലുള്ള തരുലതാദികളെ തല്ലിത്തകര്‍ത്തുകൊണ്ട് പാഞ്ഞോടിപ്പോകുന്ന കാറ്റിനെപ്പോലെയാണ് കാലം. കണ്ണില്‍ കണ്ടതെല്ലാം കശക്കിയെറിയുന്നതില്‍, ആഹ്ലാദം കണ്ടെത്തുന്നതാണ് കാലമെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. ‘ഞാനൊരു പാവമല്ല’യെന്ന് കാറ്റിനോട് ചെറുചില്ലകള്‍ ശിഖരങ്ങള്‍ ചലിപ്പിച്ച് യാചിക്കാറുണ്ടെങ്കിലും ആഹ്ലാദത്തിമിര്‍പ്പില്‍ അതൊന്നും കാറ്റ് കേള്‍ക്കില്ല. അതു പോലൊരു തട്ടിത്തെറിപ്പിക്കലായിരുന്നു, കൃഷ്ണന്‍ നായര്‍ സാറിനോട് കാലം ചെയ്തത്. അതില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. വായനമുറിയുടെ മേല്‍ത്തട്ടില്‍വരെ കുത്തിനിറച്ചിരുന്ന പുസ്തകങ്ങളോട് തന്റെ സ്വകാര്യവ്യസനം അദ്ദേഹം പങ്കുവെച്ചിരുന്നു. പലപ്പോഴും, പേര്‍ത്തും പേര്‍ത്തും വായിച്ചിരുന്ന ആ പുസ്തകങ്ങളെടുത്ത് അവയെ അരുമയോടെ ലാളിക്കുകയും, വാത്സല്യനിധികളായ ആ ഓമനകളോട് ചേര്‍ന്നിരുന്ന് കണ്ണീര്‍ വാര്‍ക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നിസര്‍ഗ സുഭഗമായ സൗന്ദര്യത്തെ ഒറ്റ വാക്കിലും, ഒരു വാക്യത്തിലും ആവാഹിച്ചിരുന്ന അദ്ദേഹത്തിന്റെ മനീഷി പരിക്ഷീണമായിരുന്നു എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ, കൃഷ്ണന്‍ നായര്‍ സാര്‍ അപ്പോഴും ആഗ്രഹിച്ചു. ശരല്‍ക്കാലം കഴിഞ്ഞാല്‍, പൂക്കളുടെ കണ്ണുകള്‍ തുറക്കുന്ന പ്രഭ അത്ര ദൂരത്തല്ലെന്ന്. അതൊരു മോഹമോ വ്യാമോഹമോ ആയിരുന്നു. ഒടുവില്‍ കൃഷ്ണന്‍ നായര്‍ സാറും, തന്റെ ‘മനസ്സി’നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്നത് മരണപാശമായിരുന്നുവെന്ന് അറിഞ്ഞു. അപ്പോഴും അതിനോട് ഉടമ്പടി ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. വെടിയേറ്റു വീണ പടയാളിയെപ്പോലെയായിരുന്നു അദ്ദേഹം. അവസാന ശ്വാസം വരെ പൊരുതാന്‍ തീരുമാനിച്ച കൃഷ്ണന്‍ നായര്‍ സാര്‍, വിരലുകളില്‍ നിന്നും പേന ഊര്‍ന്നു വീണിരുന്നുവെങ്കിലും സ്ഫുടത അവ്യക്തമായിരുന്നുവെങ്കിലും എഴുതിക്കൊണ്ടിരുന്നു. അസാധാരണമായ ഒരു ജീവിതമായിരുന്നു അത്.

കൃഷ്ണന്‍ നായര്‍ സാറിനെ മലയാളികള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്തില്ല. മറ്റേതൊരു എഴുത്തുകാരനെയും പോലെ അദ്ദേഹവും വായനക്കാരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഗ്രഹണ പാടവത്തിന്റെ ന്യൂനതയാണോ സമീപനങ്ങളില്‍ ധ്വനിച്ചിരുന്ന മൂര്‍ച്ചയാണോ, സത്യസന്ധതയുടെ സ്വരമാണോ അഭിരുചികളുടെ വ്യത്യാസമാണോ, എന്തോ കാരണങ്ങളാല്‍ ഒരു കൂട്ടമാളുകള്‍ അദ്ദേഹത്തെ സംശയത്തോടെ കണ്ടിരുന്നു. അവര്‍ക്ക്, അദ്ദേഹത്തിന്റെ കാഴ്ചയില്‍ നിന്നും ഒളിച്ചുവെയ്ക്കാന്‍ പലതുമുണ്ടായിരുന്നു. അങ്ങനെ ഒളിച്ചു വെക്കാന്‍ ശ്രമിച്ചിരുന്നതിലേക്ക് അദ്ദേഹത്തിന്റെ നോട്ടം ചെന്നെത്തുകയും പരകീയമായ ആ സ്വത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരൊക്കെയാണെന്ന് പരസ്യപ്പെടുത്തുകയും അദ്ദേഹം ചെയ്തിരുന്നു. അതില്‍ കൃഷ്ണന്‍ നായര്‍ ആനന്ദിച്ചിരുന്നു. കത്തിയുടെ വായ്ത്തല അമര്‍ന്നിറങ്ങി നൊന്തുപിടക്കുമ്പോള്‍, താന്‍ കുത്തിയിറക്കുന്നത് സത്യത്തിന്റെ മൂര്‍ച്ചയുള്ള ഖഡ്ഗമാണെന്നും കൃഷ്ണന്‍ നായര്‍ സാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സ്വകാര്യ സംഭാഷത്തിനിടയില്‍ അത് പരാമര്‍ശിക്കവെ, കള്ള നാണയങ്ങളെ തിരിച്ചറിയുന്നില്ലെങ്കില്‍ സത്യവും അസത്യവും കൂടിക്കുഴഞ്ഞു പോകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൃഷ്ണന്‍ നായര്‍ സാര്‍, അത്തരമൊരു വൃത്തിയാക്കലിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വിഗ്രഹങ്ങളെ തകര്‍ക്കലായിരുന്നില്ല ഉദ്ദേശ്യം. അത്തരം കൃത്യങ്ങള്‍ നല്‍കുന്ന വില കുറഞ്ഞ പ്രശസ്തിയിലും അദ്ദേഹത്തിന് കൗതുകമുണ്ടായിരുന്നില്ല. ലോക സാഹിത്യത്തില്‍ ആഴ്ന്നിറങ്ങിയതില്‍ നിന്നും കൈവന്ന പുതിയ ലാവണ്യ സങ്കല്‍പ്പമായിരുന്നു കൃഷ്ണന്‍നായര്‍ സാറിന്റെ വേദ പുസ്തകമായത്.