പത്തായത്തിൽ ലക്ഷം കോടി നിറയുമ്പോൾ

bankDon’t just try to teach your children the economics how to gauge the cost of things. Teach them to realise the value of it.
സാധനങ്ങളുടെ വില കണക്കാക്കാനല്ല, അതിന്റെ മൂല്യം മനസ്സിലാക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് പറയുന്നത് പോലെയാണ് കേരളത്തിലെ ബാങ്കുകളിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി നിക്ഷേപത്തിന്റെ വര്‍ധന കാണുമ്പോള്‍ പറയാന്‍ തോന്നുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധനയാണ് കാണിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ പ്രവാസി നിക്ഷേപം ഒരു ലക്ഷം കോടി കവിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഒരു ലക്ഷത്തി 9603.

രണ്ടു വര്‍ഷം മുമ്പ് 66190 കോടിയായിരുന്നത് 2014-ല്‍ 93883 കോടിയായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ഇതില്‍ 44905 കോടിയോളം സ്വകാര്യ ബാങ്കുകളിലാണ്. അതായത് നിക്ഷേപത്തിന്റെ 41%. 35% സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍.

സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 3 ലക്ഷത്തി 19890 കോടിയാണ്. എന്നുവച്ചാല്‍ ആഭ്യന്തര നിക്ഷേപം 2 ലക്ഷത്തി 10287 കോടിയാണ് എന്നര്‍ത്ഥം. കണക്കുകള്‍ കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാല്‍, ഏതാണ്ട് കാല്‍ ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ അയക്കുന്ന നിക്ഷേപം ഒരു ലക്ഷം കോടിയും, ശേഷിക്കുന്ന മൂന്നു കോടിയോളം വരുന്ന കേരള ജനതയുടെ നിക്ഷേപം രണ്ടു ലക്ഷം കോടിയുമാണ്. ഒന്നു കൂടി വ്യക്തമാക്കിയാല്‍ പ്രവാസി നിക്ഷേപമില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും എന്നു തന്നെ.

കഴിഞ്ഞ ഒന്നു-രണ്ട് വര്‍ഷങ്ങളായി നിക്ഷേപം കൂടാന്‍ പ്രധാന കാരണം വിനിമയ നിരക്കിലുണ്ടായ വര്‍ധനയാണ്. ഈ വര്‍ഷം 17 ശതമാനത്തോളം വളര്‍ച്ചയുണ്ടായി. ഒരു കാര്യം പ്രത്യേകമായി ശ്രദ്ദിക്കേണ്ടിയിരിക്കുന്നു. വിദേശത്തേക്ക് ജോലിക്ക് പോകുന്നവരുടെ എണ്ണത്തിലോ ശമ്പള നിരക്കിലോ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണുന്ന അവസ്ഥയാണ്. അതേ സമയം തിരിച്ചുപോക്ക് കൂടിയിട്ടുമുണ്ട്. പ്രത്യേകിച്ചും പ്രവാസി മലയാളികള്‍ കൂടുതലുള്ള യു എ ഇ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്. അതിന്റെയര്‍ത്ഥം ഗള്‍ഫ് നാടുകളിലെ തൊഴില്‍ / വേതന സാഹചര്യം പഴയ പോലെ മോഹിപ്പിക്കുന്നവയല്ലെന്ന് മലയാളി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നു തന്നെയാണ്. ഇവിടങ്ങളില്‍ കിട്ടുന്ന ശമ്പളത്തേക്കാള്‍ ഉയര്‍ന്ന ശമ്പളം പ്രൊഫഷണലുകള്‍ക്ക് നാട്ടിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും കിട്ടുന്നു എന്നു വേണം അനുമാനിക്കാന്‍.

അങ്ങനെയിരിക്കെ, രണ്ടാമത്തെ സാഹചര്യം തികച്ചും ആശങ്കപ്പെടുത്തുന്നതാണ്. തിരിച്ചു പോകുന്ന പ്രവാസിയുടെ അവസ്ഥ എന്തായിരിക്കും എന്നത് സംബന്ധിച്ച് ഇനിയും വേണ്ട വിധം ആലോചിച്ചിട്ടു കൂടിയില്ല. ലക്ഷം കോടി കവിഞ്ഞ പ്രവാസി നിക്ഷേപം ഫലപ്രദമായി വിനിയോഗിക്കാനുള്ള ആലോചന ആരെങ്കിലും കൈക്കൊണ്ടതായും ഇതുവരെ അറിവില്ല.

ഇത്രയും പണം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പ്രവാസിക്ക് ബാങ്കുകള്‍ എന്താനുകൂല്യമാണ് നല്‍കുന്നതെന്ന ചോദ്യവും വളരെ പ്രസക്തമാണ്. പ്രവാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ വീട് നിര്‍മ്മാണത്തിനുള്ള വായ്പക്ക് പോലും ആകര്‍ഷകമായ പലിശ നിരക്കുകള്‍ എത്ര ബാങ്കുകള്‍ നല്‍കുന്നുണ്ട്? അവിടെയും പ്രവാസിയെ കറവപ്പശുവായി തന്നെയാണ് ബാങ്കുകള്‍ കാണുന്നത്. പുനരധിവാസത്തെക്കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്നവരും അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും സമര്‍പ്പിച്ചു കണ്ടിട്ടില്ല.

പ്രവാസി നിക്ഷേപം ലക്ഷം കോടി കടന്നുവെന്ന ഭീമമായ കണക്കുകളില്‍ കണ്ണുംതള്ളി ഇരിക്കുന്നവരോട് ഒരു അപേക്ഷയുണ്ട്. ബാങ്കുകളിലേക്ക് അയക്കുന്ന പണം ചുട്ടെടുത്തതോ, മരത്തില്‍ നിന്ന് പറിച്ചെടുത്തതോ അല്ല. അവയൊന്ന് ശരിക്കും മണത്തു നോക്കിയാല്‍ ചോര വിയര്‍പ്പാക്കിയതിന്റെ ഗന്ധമറിയാം.

കുടുസ്സു മുറിയില്‍ കഴിഞ്ഞും വയറു മുറുക്കി കെട്ടിയും മിച്ചം വെച്ചുണ്ടാക്കുന്ന പണമാണത്. നാളെകളില്‍ സുരക്ഷിതരായിരിക്കാന്‍ ഉതകുമെന്ന് വിശ്വസിച്ച് അയക്കുന്നത്.

ആ വിശ്വാസം രക്ഷിക്കാന്‍ ഉതകുന്ന ക്രിയാത്മക നടപടികള്‍ അധികാരികള്‍ സ്വീകരിക്കണം.

ലക്ഷം കോടി കടന്നുവെന്ന വലിപ്പത്തിലല്ല ഞങ്ങളുടെ കണ്ണ്. അതിന്റെ മൂല്യം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതിലാണ്.