ഒരു തുറന്ന കത്ത്

യവനകഥയില്‍ സ്‌നേഹ സമ്പന്നരായ രണ്ടു സഹോദരന്‍മാരുടെ കഥ പറയുന്നുണ്ട്. എപ്പിമത്യൂസിന്റെയും പ്രൊമിത്യൂസിന്റെയും.

ഇണപിരിയാത്ത കൂട്ടുകാരെപ്പോലെയായിരുന്ന ഇരുവരും നല്ല മനസ്സിന് ഉടമകളുമായിരുന്നു. ഒരിക്കല്‍ സൂയിസ് ദേവന്‍ പ്രൊമിത്യൂസ് ഇടഞ്ഞു. മനുഷ്യര്‍ക്ക് അഗ്നി കൈമാറുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തീ കൊടുക്കാന്‍ പാടില്ലെന്നായിരുന്നു സൂയിസ് ദേവന്റെ കല്‍പ്പന. പക്ഷെ, പ്രൊമിത്യൂസ് ആ കല്‍പ്പന ലംഘിച്ചു. മനുഷ്യര്‍ക്ക് തീ കൊടുത്തു. കുപിതനായ സൂയിസ് ദേവന്‍ പ്രൊമിത്യൂസിനെ അകലെയുള്ള ഒരു പാറയില്‍ ചങ്ങലക്കിട്ടു. എന്നിട്ടും കലിയടങ്ങാത്ത സൂയിസ്, പ്രൊമിത്യൂസിന്റെ സഹോദരനായ എപ്പിമത്യൂസിനും കടുത്ത ശിക്ഷ കൊടുക്കണമെന്ന് തീരുമാനിച്ചു. അതിനുവേണ്ടി ദൈവത്തിന്റെ സഹായിയായ ഹെഫേസ്റ്റോസിനെക്കൊണ്ട് കളിമണ്ണില്‍ ഒരു യുവതിയുടെ രൂപമുണ്ടാക്കി. സൂയിസ് അതിന് ജീവന്‍ നല്‍കി. സുന്ദരിയായ മകള്‍ക്ക് പാണ്ടോറ എന്ന പേരുമിട്ടു.

അതിസുന്ദരിയായ പാണ്ടോറയെ എപ്പിമത്യൂസിന്റെ മുന്നിലെത്തിച്ചു. ആദ്യദര്‍ശനത്തില്‍ തന്നെ എപ്പിമത്യൂസിന് പാണ്ടോറയോട് ഇഷ്ടം തോന്നി. ഒടുവില്‍ ഇരുവരുടെയും വിവാഹം നടന്നു. വിവാഹ സമ്മാനമായി സൂയിസ് പാണ്ടോറക്ക് ഒരു പെട്ടി കൈമാറി. താഴിട്ടു പൂട്ടിയ ആ പെട്ടിയില്‍ അതു തുറക്കരുതെന്ന മുന്നറിയിപ്പും കണ്ടതോടെ എപ്പിമത്യൂസിന് സംശയമായി. ഇതും സൂയിസ് ദേവന്റെ കെണിയാകുമെന്ന ചിന്ത ബലപ്പെട്ടു. പെട്ടി ഒരുകാരണവശാലും തുറക്കരുതെന്ന് പാണ്ടോറയോട് ചട്ടംകെട്ടി.

എന്നാല്‍ ഒരു ദിവസം, ആകാംക്ഷ അടക്കിവെക്കാന്‍ കഴിയാതെ പാണ്ടോറ പെട്ടി തുറന്നു. പെട്ടിയില്‍ നിന്നും പലപല വികൃതരൂപങ്ങള്‍ പുറത്തേക്കു ചാടി. അവ പാണ്ടോറക്കു ചുറ്റും നൃത്തം വെച്ചു. വൃത്തികെട്ട ശബ്ദങ്ങള്‍ ഉണ്ടാക്കി. അവര്‍ ഓരോരുത്തരും ഓരോ പേരുകള്‍ വിളിച്ചു പറഞ്ഞു സ്വയം പരിചയപ്പെടുത്തി. ഞാനാണ് അസൂയ, ഞാന്‍ വെറുപ്പ്, ഞാന്‍ പക, രോഗങ്ങള്‍, അക്രമം.. അങ്ങനെ ഓരോന്നിന്റെയും അലര്‍ച്ചകേട്ട് പാണ്ടോറക്ക് ഭയമായി. പണിപെട്ട് പെട്ടിയടക്കാന്‍ അവള്‍ ശ്രമിച്ചു. അതിനിടയില്‍ ഒരു ചെറിയ പ്രാണി പറന്ന് പുറത്തേക്കു ചാടി.

പാണ്ടോറയുടെ പെട്ടി പോലൊന്നായിരുന്നു ഈ കഴിഞ്ഞ ദിവസം കെ എം മാണി നിയമസഭയില്‍ കൊണ്ടുവന്ന ബജറ്റിന്റെ പെട്ടി. അതു തുറന്നതോടെയാണ് പല വികൃതരൂപങ്ങള്‍ സഭക്കുള്ളില്‍ നൃത്തം വെച്ചത്. പകയും വിദ്വേഷവും അക്രമവും രൂപപ്പെട്ടത്. ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചത്. സമൂഹത്തില്‍ മാതൃകയാവേണ്ട മനുഷ്യര്‍, പ്രാകൃത മനുഷ്യരെപ്പോലെ നിലവിട്ട് പെരുമാറിയത്.

ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടയിടം കന്നുകാലി ചന്തയേക്കാള്‍ മോശം അവസ്ഥയിലെത്തി. കന്നുകാലിച്ചന്തയില്‍ കാളയും പോത്തും എരുമയുമെല്ലാം പരസ്പരം കൊമ്പുകോര്‍ക്കുന്നതു പോലെ, ജനാധിപത്യത്തിന്റെ കാവലാളായി നിലകൊള്ളേണ്ടവര്‍ പരസ്പരം കൊമ്പുകോര്‍ത്തു. ആണ് പെണ്ണിനെ മുട്ടുകാലിനിടിച്ചു. പെണ്ണ് ആണിന്റെ തോളില്‍ കടിച്ചു. നാറാണത്തു ഭ്രാന്തന്‍ കല്ലുരുട്ടിയതു പോലെ, ചില ഭ്രാന്തന്‍മാര്‍ സഭാനാഥന്റെ ഇരിപ്പിടം ഉരുട്ടിക്കളിച്ചു.

എന്റെയും നിങ്ങളുടെയും വിയര്‍പ്പിന്റെ ഒരോഹരി കൂട്ടി കെട്ടിയുയര്‍ത്തിയ നിയമസഭാമന്ദിരത്തിലെ സാമഗ്രികള്‍ പേപിടിച്ചവനെ പോലെ കടിച്ചു പറിച്ചു നശിപ്പിച്ചു ചിലര്‍. മറ്റു ചിലരാകട്ടെ, ഇക്കാഴ്ച കൊണ്ടും തൃപ്തരാകാതെ മധുരം തിന്നുകൊണ്ട് വികൃത ചിരി ചിരിച്ചു.

ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതവിനും, മറ്റു കക്ഷി നേതാക്കള്‍ക്കും ഒരു തുറന്ന കത്തെഴുതാന്‍ തീരുമാനിച്ചത്. സാധാരണഗതിയില്‍ ഒരു കത്തിന്റെ തുടക്കം ‘ബഹുമാനപ്പെട്ട’ എന്നോ ‘പ്രിയപ്പെട്ട’ എന്നോ ഒക്കെ ഒരു സംബോധനയോടു കൂടിയാണ് തുടങ്ങേണ്ടത്. പക്ഷെ, ഇപ്പറഞ്ഞ സംബോധനക്കൊന്നും അര്‍ഹരല്ലാത്തതു കൊണ്ട് അതില്ലാതെ തുടങ്ങട്ടെ.

‘ഇതിനു മുമ്പ് ഉടുമുണ്ട് ഉയര്‍ത്തിക്കാണിച്ച് നിയമസഭയുടെ അന്തസ്സ് കെടുത്തിയ പാരമ്പര്യമുള്ള നിങ്ങള്‍, ഇതിലും വലുതു കാണിക്കുമെന്ന് പ്രതീക്ഷിക്കാത്തത് ഞങ്ങളുടെ തെറ്റ്. കാലം കഴിയുന്തോറും മനുഷ്യന്റെ സംസ്‌കാരവും വിവേകവും കൂടുമെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷെ, നിങ്ങള്‍ ഞങ്ങളെ ഞെട്ടിച്ചു.

കാലിച്ചന്തയിലെ കന്നുകാലികളോ, ഭ്രാന്താശുപത്രിയിലെ മനോനില തെറ്റിയവരോ പോലും ഇത്തരം അധമ പ്രവര്‍ത്തികള്‍ ചെയ്യുമെന്ന്് ഞങ്ങള്‍ക്ക് തോന്നുന്നില്ല. നിങ്ങള്‍ ആരെയാണ് വെല്ലുവിളിച്ചത്? നിങ്ങള്‍ ഇരുപക്ഷവും ജയിച്ചുവെന്ന് വീമ്പുപറയുന്നു. മകന്‍ മരിച്ചാലും വേണ്ടില്ല, മരുമകള്‍ മൊട്ടച്ചിയായാല്‍ മതി എന്നു ചിന്തിക്കുന്ന ചില അമ്മായിയമ്മമാരെ പോലെ നിങ്ങള്‍ പെരുമാറി.

തോറ്റത് ഞങ്ങളാണ്. ഞങ്ങളുടെ മാനമാണ് നഷ്ടമായത്. ദേശീയ മാധ്യമങ്ങളിലും, അറബി മാധ്യമങ്ങളില്‍ പോലും നിങ്ങളുടെ കാടത്തം ചര്‍ച്ചയായി. മലയാളിയാണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഞങ്ങള്‍ക്കിപ്പോള്‍ അപമാന ഭാരം കൊണ്ട് ശിരസ്സ് താഴ്ത്തി നില്‍ക്കേണ്ട ഗതികേടാണ്.

സഭക്ക് അകത്തും പുറത്തും നിങ്ങളുണ്ടാക്കിയ നഷ്ടം കോടികള്‍ വരുമെന്ന് കേള്‍ക്കുന്നു. ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത, തുടര്‍ വിദ്യാഭ്യാസത്തിന് കെല്‍പ്പില്ലാത്ത, ചികിത്സക്ക് പണമില്ലാത്ത എത്രയോ ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ കട്ടുമുടിച്ചും, ഇങ്ങനെ അക്രമം കാട്ടി നശിപ്പിച്ചും കളയുന്ന കോടികളില്‍ ചെറിയൊരു പങ്കു മതി ഇവര്‍ക്കാശ്വാസമേകാന്‍.

നാടിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്നു എന്നാണല്ലോ നിങ്ങള്‍ പറയുന്നത്. എന്തു പണിയാണ് നിങ്ങളെടുക്കുന്നത്? പ്രവാസികള്‍ അയക്കുന്ന പണവും, നാട്ടില്‍ അധ്വാനിക്കുന്നവര്‍ നല്‍കുന്ന പണവും ഖജനാവിലിട്ട് അതിന്റെ പങ്കുപറ്റി ജീവിക്കുന്നതല്ലാതെ, എന്തു പുരോഗതിയാണ് നിങ്ങള്‍ നാടിനു വേണ്ടി സംഭാവന ചെയ്യുന്നത്?

മുക്കാല്‍ പണത്തിന്റെ കുതിര മൂന്നു പണത്തിന്റെ പുല്ലു തിന്നുന്നു എന്നു പറഞ്ഞതു പോലെ, നിങ്ങള്‍ മന്ത്രിമാരും, എം എല്‍ എമാരും, അവരുടെ പി എമാരും, മറ്റ് ആശ്രിതന്‍മാരും കൂടി തിന്നു മുടിക്കുന്നതല്ലാതെ ഒരു രൂപയുടെ പുതിയ വിഭവസമാഹരണം നടക്കുന്നുണ്ടോ?

നിങ്ങള്‍ക്കറിയാം ഞങ്ങളിതൊക്കെ എളുപ്പം മറക്കുമെന്ന്. അതുകൊണ്ട് അക്രമം കാട്ടിയാലും, ഉടുമുണ്ട് ഉയര്‍ത്തിയാലും പ്രശ്‌നമില്ലെന്ന്. വീണ്ടും കുറച്ചു ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ പറയും, ‘പ്രാന്തൊക്കെ മാറി, ഉലക്കയെടുക്ക് കോണമുടുക്കാന്‍’ എന്ന്.

ഭ്രാന്തൊക്കെ മാറിയെന്ന് മാത്രമേ ഞങ്ങള്‍ കേള്‍ക്കൂ. ബാക്കി പറഞ്ഞത് ഭ്രാന്തിന്റെ ആധിക്യമാണെന്നറിയാതെ, നിങ്ങളില്‍ ഒരു പക്ഷത്തെ ഭരണപക്ഷത്തും, മറ്റൊരുവനെ പ്രതിപക്ഷത്തുമിരുത്തും. നിങ്ങള്‍ ഈ ഭ്രാന്ത് തുടരുകയും ചെയ്യും.

പക്ഷെ, എല്ലാക്കാലത്തും എല്ലാവരെയും വിഢികളാക്കാമെന്ന വ്യാമോഹം വേണ്ടെന്ന മുന്നറിയിപ്പോടെ നിറുത്തുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള ആ നാട് എന്നെങ്കിലും അങ്ങനെയായിത്തീരണമേ എന്നാഗ്രഹിക്കുന്ന പൗരന്‍’.

കത്ത് അവസാനിപ്പിച്ചെങ്കിലും, പാണ്ടോറയുടെ പെട്ടിയില്‍ നിന്ന് അവസാനം പുറത്തേക്കു ചാടിയ ആ പ്രാണിയെക്കുറിച്ച് പറഞ്ഞില്ല. അതാണ് പ്രതീക്ഷ.

മറ്റു വികൃത രൂപങ്ങള്‍ ചുറ്റിനും സംഹാരതാണ്ഡവമാടുമ്പോഴും, ആ പ്രതീക്ഷയാണ് ഈ ലോകത്തെ നിലനിറുത്തുന്നത്. ഞങ്ങളും ആ പ്രതീക്ഷയിലാണ്. ഇവരൊക്കെ നന്നാവുമെന്ന പ്രതീക്ഷയില്‍…