പറയു നാളെ നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു?

അമേരിക്കൻ ബിസിനസുകാരനും എഴുത്തുകാരനുമായ Max Depree യുടെ Leader ship is an Art എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ‘When we truly believe in the potential of people, they rarely disappointing us’ എന്ന്. ഗ്രീക്ക് രാജാവായ അലക്സാണ്ടർ ചക്രവർത്തിയെകുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. ഒരിക്കൽ തന്റെ സൈന്യവുമായി കൊടും ചൂടിൽ മരുഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. യാത്ര ആഴ്ചകൾ പിന്നിട്ടു. അപ്പോഴേക്കും കയ്യിൽ കരുതിയിരുന്ന വെള്ളം തീർന്നു. ചക്രവർത്തിയും സംഘവും ദാഹിച്ചു മരിക്കുമെന്ന സ്ഥിതിയിലെത്തി. എന്നിട്ടും യാത്ര തുടരാൻ തന്നെയായിരുന്നു അലക്സാണ്ടറിന്റെ തീരുമാനം. ഒരു ദിവസം ഉച്ചയായപ്പോൾ തന്റെ സൈനികരിൽ രണ്ടുപേർ എവിടെ നിന്നോ കുറച്ചു വെള്ളവുമായി ചക്രവർത്തിയുടെ അരികിലെത്തി. ഒരു കപ്പ് പോലും തികച്ചില്ല. അലക്സാണ്ടർ വെള്ളം വാങ്ങി. ഏവരും നോക്കി നില്ക്കെ അദ്ദേഹം അത് ചുട്ട് പൊള്ളുന്ന മണലിലേക്ക് ഒഴിച്ചു. ദാഹിച്ചു തൊണ്ട വരണ്ട് നിന്നിരുന്ന സേനാംഗങ്ങൾ ഈ കാഴ്ച കണ്ട് അമ്പരന്നു. അലക്സാണ്ടർ ചക്രവർത്തി പറഞ്ഞു.’കൂടെയുള്ളവർ ദാഹിച്ചിരിക്കുമ്പോൾ ഒരാൾ മാത്രം ഈ വെള്ളം കുടിച്ച് ദാഹമകറ്റുന്നതിൽ അർത്ഥമില്ല എന്ന്.

യഥാർത്ഥ നേതാവ് കൂടെയുള്ളവരെ, വിശ്വസിക്കുന്നവരെ, ചതിക്കില്ല എന്ന് തന്നെയാണ് അലക്സാണ്ടർ ചക്രവർത്തിയുടെ ഈ കഥയും Max depree യുടെ പുസ്തകത്തിലെ സന്ദേശവും പറഞ്ഞു തരുന്നത്.
Supporters of Kejriwal leader of the newly formed Aam Aadmi (Common Man) Party attend the first party workers' meeting in New Delhiഈയൊരു വിശ്വാസത്തിലാണ് ഡൽഹിയിലെ ജനത സാധാരണക്കാരന്റെ പാർട്ടി എന്ന് വിശേഷണമുള്ള ആം ആദ്മി പാർട്ടിയുടെ അമരക്കാരൻ അരവിന്ദ് കെജ്രിവാളിനെ അധികാരത്തിലേറ്റിയിരിക്കുന്നത്. 70 അംഗസഭയിൽ 67 സീറ്റിലും ആപിന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചുകൊണ്ട് ഡൽഹി ജനത നൽകിയത് വലിയൊരു ഉത്തരവാദിത്വമാണ്. വലിയ ഭൂരിപക്ഷമുള്ള ഒരു സർക്കാരിനു എതിർ ചേരികളെ ഭയക്കാതെ, കുതിരക്കച്ചവടവും, കുതികാൽ വെട്ടുമില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി ഭരണം നടത്താൻ കഴിയുമെന്ന് സമൂഹമദ്ധ്യേ കാട്ടി കൊടുക്കാനുള്ള അവസരം കൂടിയാണിത്. ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു രാഷ്ട്രീയ പാർട്ടി ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ അമ്പതു സീറ്റിലധികം നേടി അധികാരത്തിലെത്തുന്നത്.1998 ല് കോൺഗ്രസിനായിരുന്നു ഈ നേട്ടം.അന്ന് 52 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചു.
ഇന്നിപ്പോൾ 67 സീറ്റുകളാണ് ആം ആദ്മിക്ക്.2013 – ല് വെറും 49 ദിവസത്തെ ഭരണം കൊണ്ട് അരവിന്ദ് കെജ്രിവാളും കൂട്ടരും തുടങ്ങി വച്ച പല കർമ്മ പരിപാടികളും പരിപൂർണ്ണതയിലെത്തിക്കാൻ പൊതുജനം നൽകിയ മാൻഡേറ്റ്. ഈയൊരവസരം കെജ്രിവാളിനും കൂട്ടർക്കും അഗ്നി പരീക്ഷയാണ്. പറഞ്ഞതൊക്കെ പ്രാവർത്തികമാക്കാൻ കഴിയും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കേണ്ട ഉത്തരവാദിത്വം ആപ്പിനുണ്ട്.അതിന് അവർക്ക് കഴിയും എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്.കാരണം പ്രാവർത്തികമാക്കാൻ കഴിയുന്നതേ പ്രസംഗിച്ചിട്ടുള്ളു എന്നത് തന്നെ. ഉദാഹരണത്തിന് പ്രതിദിനം 700 ലിറ്റർ ജലം സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം തന്നെ ദീർഘനാളത്തെ ഗവേഷണത്തിനും പഠനങ്ങൾക്കും ശേഷം രൂപപ്പെടുത്തിയതാണെന്ന് പാർട്ടിയുടെ നയരൂപവത്കരണത്തിൽ മുഖ്യ ചുമതല വഹിക്കുന്ന 32 കാരിയായ അതിഷി മർലിനയെ പോലുള്ളവർ പറയുന്നു. നയരൂപവത്കരണത്തിന് 31 സമിതികളാണ് ആപ്പ് ഉണ്ടാക്കിയത്.വിവിധ പശ്ചാത്തലമുള്ള 150 ഓളം ആളുകൾ ചേർന്ന് സമിതികൾ. ഇതിൽ അക്കാദമിക് വിദഗ്ദൻ മുതൽ സാധാരണക്കാരൻ വരെയുണ്ട്.
ഇവർ ദീർഘകാലത്തെ പഠനത്തിനും സർവേകൾക്കും ശേഷമാണ് നയം രൂപീകരിച്ചിട്ടുള്ളത്.അതുമാത്രമല്ല 70 നിയമസഭാ മണ്ഡലങ്ങളിലേക്കും പ്രശ്നങ്ങൾ ക്രോഡീകരിച്ച് മാനിഫെസ്റ്റോ തയ്യാറാക്കിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ഇതിനായി ഓരോ മണ്ഡലങ്ങളിലേയും പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പ്രത്യേക പേജുകൾ തയ്യാറാക്കിയിരിക്കുന്നു.

delhi-electionsഇങ്ങനെ ഐഡന്റിഫൈ ചെയ്ത പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് അതാത് പ്രദേശങ്ങളുടെ നയ രൂപീകരണം സാധ്യമായത്.അതായത് പൊതു ജനത്തോട് അവന്റെ വിഷമങ്ങൾ പറഞ്ഞു കൊണ്ടുള്ള രാഷ്ട്രീയ സമീപനം.അതിൽ നിന്നാണ് പോലീസ് രാജും ഗുണ്ടാവിളയാട്ടവും അഴിമതിയും ഒക്കെ അവസാനിപ്പിക്കുന്ന ഭരണമെന്ന വാഗ്ദ്ദാനത്തിലേക്ക് ആപ്പ് എത്തിയത്.അത് പൂർത്തികരിക്കാനുള്ള സമയമാണ് ഇനിയുള്ള 5 കൊല്ലം. അതിനുള്ള ആത്മാർത്ഥമായ ശ്രമം കെജ്രിവാളിൽ നിന്നും ഉണ്ടായില്ലെങ്കിൽ പൊതുജനം അടങ്ങിരിയിരിക്കില്ല. ആപ്പിനോട് മാത്രമല്ല ഇന്ത്യയിലെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുമുള്ള അകൽച്ച കൂടും. ഒരു പക്ഷേ, സാമാന്യ ജനത്തെ അരാഷ്ട്രീയവാദിയാക്കാനും അത് ഇട വരുത്തിയേക്കും. ആരെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന ചിന്ത അവനിൽ ഉടലെടുത്താൽ പോലും അത്ഭുതപ്പെടേണ്ടതില്ല. അതോടൊപ്പം തന്നെ, സാധാരണ ജനത്തിൽ നിന്നും അകന്നുപോയ രാഷ്ട്രീയപാർട്ടികൾക്കുള്ള രാഷ്ട്രീയപാഠം കൂടിയാണ് ദില്ലിയിലെ ആപ്പിന്റെ വിജയം.
നെപ്പോളിയന്റെ സേനാതലവൻ ഒരിക്കൽ തങ്ങൾ നേടിയ യുദ്ധവിജയത്തെ കുറിച്ച് സദസിൽ വിവരിക്കുകയായിരുന്നു.കൈവരിച്ച വിജയത്തിന്റെ മഹത്വത്തെ കുറിച്ച് അദ്ദേഹം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.നെപ്പോളിയൻ തന്നെ പ്രശംസിച്ചിക്കുന്നില്ലെന്ന് കണ്ട് സേനാതലവൻ കാര്യങ്ങൾ കൂടുതൽ കൂടുതൽ വർണ്ണിച്ചു കൊണ്ടേയിരുന്നു.
അപ്പോഴും നെപ്പോളിയൻ അനങ്ങുന്നില്ലെന്ന് കണ്ട് സേനാതലവൻ ചോദിച്ചു. ഈ മഹത്തായ വിജയത്തെക്കുറിച്ച് ഇത്രയും പറഞ്ഞിട്ടും അങ്ങെന്താണെന്ന് മൗനമായിരിക്കുന്നത്.
നെപ്പോളിയൻ പറഞ്ഞു.’വിജയത്തിൽ സന്തോഷമുണ്ട്.പക്ഷേ പറയു നാളെ നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു?’
അതേ, ചോദ്യമാണ് കേജ്രിവളിനോടും കൂട്ടരോടും ചോദിക്കാനുള്ളത്. അതിനുള്ള ഉത്തരമാണ് വരും ദിവസങ്ങളില കേജ്രിവളും കൂട്ടരും വരും നാളുകളിൽ നൽകേണ്ടത്.