ഓർമ്മകളുണ്ടായിരിക്കണം!!

Life is not what one lived, but what one remembers and how one remembers it in order to recount it.”ജീവിതമെന്നാൽ ഒരാൾ ജീവിച്ചു തീർത്തതല്ല, മറിച്ച് അതു പുനരാവർത്തനം ചെയ്യാനായി ഒരാൾ അതിൽ എന്തൊക്കെ ഓർത്തുവയ്ക്കുന്നു എങ്ങിനെയൊക്കെ ഓർത്തുവയ്ക്കുന്നു എന്നതാണ്. കഥ പറയാനായി ജീവിച്ചിരിക്കുക (Living To Tell The Tale) എന്ന പുസ്തകത്തിൽ പ്രശസ്ത സാഹിത്യകാരൻ ഗബ്രിയേൽ ഗാർസ്യ മാർക്കേസ് എഴുതിയതാണിത്. അദ്ദേഹത്തിന്റെ ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതിയിലാണ് ഓർമ്മയുടെ, ഓർത്തുവയ്ക്കലിന്റെ ജൈവീകതയെ കുറിച്ച് മാർക്കേസ് പറയുന്നത്. പക്ഷേ, വിധി വൈപരീത്യമെന്നല്ലാതെ മറ്റെന്തു പറയാൻ. ഏകാന്തതയുടെ നൂറു വർഷങ്ങൾ ഓർത്തെടുത്തു കോടാനുകോടി വായനക്കാർക്ക്‌ സമ്മാനിച്ച കഥാകാരന് കാലം കാത്തുവച്ചത് ഓർമകളിൽ നിന്നുള്ള പടിയിറക്കമായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾ പോലും ഓർത്തെടുക്കാൻ പ്രയാസപ്പെടുന്ന മാർക്കേസിനെയാണ് അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കണ്ടതെന്ന് സഹോദരൻ ജെയിം ഗാർസ്യ മാർക്കേസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “ചെറിയ ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തേടി മാർക്കേസ് പതിവായി വിളിക്കും. ചിലപ്പോഴെല്ലാം ഞാൻ കരഞ്ഞു പോകും. കാരണം എനിക്കദ്ദേഹത്തെ നഷ്ടപ്പെടുന്നത് പോലെ തോന്നും.”
Marquezഓർക്കാൻ കഴിയാത്തത് നഷ്ടപ്പെടലിന് തുല്യമാണെന്ന് മാർക്കേസിന്റെ സഹോദരന്റെ വാക്കുകളിലുമുണ്ട്. അതുകൊണ്ടാണ് ഓർമ്മയാണ് ജൈവികം എന്നു പറഞ്ഞത്. മാർക്കേസിന്റെ മറവി രോഗത്തേക്കാൾ മലയാളികളായ നമുക്ക് ഈ രോഗാവസ്ഥയുടെ കാഠിന്യം മനസ്സിലായത് നമ്മുടെ ഭാസ്കരൻ മാഷിന്റെ ജീവിതത്തിന്റെ അന്ത്യനാളുകളിലെ അനുഭവത്തിലൂടെയാണ്.
തന്നെത്തന്നെ മറന്നു പോകുന്ന അവസ്ഥയായിരുന്നു മാഷിന്റേത്. ആ അവസ്ഥ നേരിൽ കണ്ട പ്രശസ്ത ഗാനനിരൂപകനായ രവി മേനോന്‍ എഴുതിയ ആ വിവരണം കരളലിയിപ്പിക്കുന്നതാണ്.
രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്‌കരന്‍ മാഷിനെ കാണാന്‍ ഗായിക എസ്.ജാനകിക്കൊപ്പം പോയ അനുഭവമാണ് രവിമേനോൻ വിവരിച്ചത്.
‘തിരുവനന്തപുരത്ത് ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തനിക്ക് ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്‌കരന്‍ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്. ജവഹര്‍ നഗറിലെ വീട്ടിലെത്തുമ്പോള്‍ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണര്‍ത്തിയപ്പോള്‍ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തില്‍. ഏതോ ഒരു സ്ത്രീ എന്ന കൗതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു, ആരാ മനസ്സിലായില്ലല്ലോ!

വിതുമ്പല്‍ അടക്കി നിര്‍ത്താനായില്ല എസ്.ജാനകിക്ക്. മാസ്റ്ററുടെ കൈകള്‍ രണ്ടും ചേര്‍ത്തു പിടിച്ച് വിതുമ്പലോടെ അവര്‍ പതുക്കെ ഉരുവിട്ടു മാസ്റ്ററേ ഇത് ഞാനാണ്… ജാനകി. മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കെ പറഞ്ഞു, ഇല്ല, മുമ്പ് കണ്ടിട്ടേയില്ല.

ഗദ്ഗദമടക്കി വാതിലില്‍ ചാരിയിരുന്ന് ജാനകി പാടാന്‍ തുടങ്ങി, ഭാസ്‌കരന്‍ മാഷുടെ മനോഹരമായ ഗാനം ‘തളിരിട്ട കിനാക്കള്‍ തന്‍ താമര മാല വാങ്ങാന്‍….’ പാട്ട് ഭാസ്‌കരന്‍ മാഷുടെ ഉള്ളിലെവിടെയോ തൊട്ടു. അദ്ദേഹം പതുക്കെ കട്ടിലില്‍ എഴുന്നേറ്റിരുന്നു. പതുക്കെ അദ്ദേഹം പാട്ട് ആസ്വദിച്ചു തുടങ്ങി. മാസ്റ്ററുടെ ഭാര്യ അടുത്തിരുന്ന് കണ്ണീരൊപ്പി.
ജാനകി പിന്നെയും പാടി. ‘ഒരു കൊച്ചു സ്വപ്‌നത്തിന്‍…, ആരാധികയുടെ പൂജാ കുസുമം…, കേശാതിപാദം തൊഴുന്നേന്‍…., നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍…’ ഓരോ ഗാനവും ചരണത്തിലേക്കു കടക്കുമ്പോള്‍ സ്വയമറിയാതെ മാസ്റ്റര്‍ അതില്‍ പങ്കുചേരുന്നുണ്ടായിരുന്നു.

p bhaskaranമടങ്ങാന്‍ നേരം, സ്വന്തം ഗാനങ്ങളെയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ എസ്.ജാനകി എഴുന്നേറ്റപ്പോള്‍ അവരുടെ നേരെ കൈകൂപ്പി നിഷ്‌ക്കളങ്കമായ ചിരിയോടെ മാസ്റ്റര്‍ ചോദിച്ചു, ഇതൊക്കെ ആരുടെ പാട്ടുകളാ.. നന്നായി പാടിയല്ലോ.. ഇനിയും വന്ന് പാടിത്തരണം… എസ്.ജാനകിയുടെ വിതുമ്പല്‍ തൊണ്ടയില്‍ തടഞ്ഞുപോയി..”

‘മറക്കാന്‍ പറയാന്‍ എന്തെളുപ്പം, മണ്ണില്‍ പിറക്കാതിരിക്കലാണ് അതിലെളുപ്പം’ എന്ന് എഴുതിയ പാട്ടുകാരനാണ് പി.ഭാസ്‌കരന്‍.
മാഷെഴുതിയ ആ വരികൾക്ക് ജീവൻ വെച്ച് മാഷിന്റെ ഓർമ്മ തലങ്ങളെ മൂടികളഞ്ഞതു പോലെ. മറവിരോഗത്തെ കുറിച്ച് മലയാളികളിൽ ഭയപ്പാടുണ്ടാക്കിയ സിനിമയാണ് ബ്ലെസ്സിയുടെ തന്മാത്ര. പി പദ്മരാജന്റെ ഓർമ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആ ചലച്ചിത്രം ബ്ലെസ്സി ഒരുക്കിയത്. എത്ര ബുദ്ധിയും ശക്‌തിയുമുണ്ടെങ്കിലും ഓര്‍മകള്‍ നഷടപ്പെട്ടാല്‍ ഒരാൾ തിരിച്ചറിവില്ലാത്ത കുഞ്ഞായി മാറുമെന്നു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ രമേശന്‍ നായരുടെ ജീവിതത്തിലൂടെ ബ്ലെസ്സി നമ്മളെ കാണിച്ചു തന്നു. അതോടെ അൽഷിമേഴ്സ് രോഗത്തിന്റെ ഭയാനകത മലയാളിയുടെ മനസ്സിലേക്കും കടന്നുകൂടി. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇടപെടലുകൾക്കു സംസ്ഥാനത്തെ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറെടുക്കുന്നുവെന്നതു സന്തോഷം നൽകുന്നു.
മറവിരോഗികള്‍ക്കായി എറണാകുളത്തും ഗുരുവായൂരിലും സര്‍ക്കാര്‍ പരിചരണ കേന്ദ്രങ്ങള്‍. അതാണ് ആദ്യഘട്ടത്തിൽ. സര്‍ക്കാറിന്റെ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിമന്‍ഷ്യ പദ്ധതിയുടെ ഭാഗമായി അല്‍ഷൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുമായി (എ.ആര്‍.ഡി.എസ്.ഐ.) സഹകരിച്ചാണ് ഇത്. ഇതിനൊപ്പം ഡിമെന്‍ഷ്യ ഹെല്‍പ് ലൈന്‍ സംവിധാനവും ആരംഭിക്കും.
പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയാണിത്. വിജയിച്ചാല്‍ എല്ലാ ജില്ലകളിലും പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മറവി രോഗം ബാധിച്ചവര്‍ക്കായുള്ള വിപുല പദ്ധതിയാണ് കേരള ഇനിഷ്യേറ്റീവ് ഓണ്‍ ഡിമന്‍ഷ്യ. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആസ്​പത്രികളില്‍ മെമ്മറി ക്ലിനിക് തുടങ്ങാനും പദ്ധതിയുണ്ട്.
കേരളത്തില്‍ ഓരോ വര്‍ഷവും വയോധികരുടെ എണ്ണം കൂടി വരികയാണ്. 1961-ല്‍ അറുപത് വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 5.6 ശതമാനമായിരുന്നു. എന്നാല്‍ 2014-ല്‍ അത് 13.16 ആയി ഉയര്‍ന്നു. 2025 ആവുമ്പോഴേക്കും ഇത് 20 ശതമാനമാവുമെന്നാണ് കണക്ക്.

അല്‍ഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസ് ഓര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ രണ്ടുലക്ഷം രോഗബാധിതര്‍ ഉണ്ടെന്നാണ്. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.

ജീവിത ശൈലിയിലെ മാറ്റങ്ങളാണ് തലച്ചോറിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍. ഈ രോഗത്തിന് കൃത്യമായ ചികിത്സയില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മസ്തിഷ്‌കത്തെ പ്രതികൂലമായി ബാധിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളിലൂടെയും അല്‍ഷിമേഴ്‌സ് രോഗം പിടിപ്പെടാം.

alzheimers-disease-awarenessലോകത്താകമാനം 35.6 ദശലക്ഷം ആളുകള്‍ അല്‍ഷിമേഴ്‌സ് രോഗബാധിതരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് അടുത്ത കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ഓടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പ്രാരംഭ ദശയില്‍ രോഗം കണ്ടെത്തിയാല്‍ പതിനഞ്ചു ശതമാനത്തോളം പേരെ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. 1994 ലാണ് ലോകാരോഗ്യ സംഘടന സെപ്റ്റബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനമായി പ്രഖ്യാപിച്ചത്. എണ്‍പത്തിനാലോളം രാജ്യങ്ങള്‍ ചേര്‍ന്ന അല്‍ഷിമേഴ്‌സ് അസോസിയേഷനും രൂപം നല്‍കി. രോഗത്തിനെതിരെ പ്രചരണം നടത്തുകയും രോഗികള്‍ക്ക് നല്ല പരിചരണം നല്‍കുകയുമാണ് സംഘടനയുടെ ലക്ഷ്യം. മറവി രോഗമായിരുന്നില്ല എൻ എൻ കക്കാടിന്. കാൻസർ ബാധിതനായ അദ്ദേഹം മരുന്നുകളോട് മല്ലടിച്ച് എഴുതിയ സഫലമീ യാത്രയിൽ പോലും മറവി കീഴടങ്ങലാണെന്ന തത്വം പറയുന്നുണ്ട്.

‘പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?’
ഓർമ്മകളുണ്ടായിരിക്കണം. അതു തിരിച്ചറിവും പ്രതിരോധവും കൂടിയാണ്. എം എൻ വിജയൻ പറഞ്ഞത് പോലെ മനുഷ്യൻ ജീവിക്കുന്നത് അവന്റെ ഭൂത വർത്തമാന ഭാവി കാലങ്ങളിലാണ്‌. ഭൂതകാലമാണ് ഓർമ്മകൾ. അതില്ലാതായാൽ കീഴടങ്ങലാണ്‌. എല്ലാത്തിനോടുമുള്ള കീഴടങ്ങൽ.