കുട്ടികളുടെ പ്രിയപ്പെട്ട രാമനാഥന്‍മാഷ്

മലയാള ബാലസാഹിത്യരംഗത്ത് പുതിയ വഴികള്‍ വെട്ടിത്തുറന്ന കെ വി രാമനാഥന്‍. കുട്ടികളുടെ പ്രിയപ്പെട്ട രാമനാഥന്‍മാഷ്. മികച്ച ബാലസാഹിത്യത്തിനുള്ള ഇത്തവണത്തെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം നേടി. കെ വി രാമനാഥനുമായി ദേശാഭിമാനിയിൽ കെ എൻ സനിൽ നടത്തിയ സംഭാഷണത്തിൽ നിന്ന്.
1932 ആഗസ്ത് 29ന് മണമ്മല്‍ ശങ്കരമേനോന്റെയും കിഴക്കേവളപ്പില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി ജനിച്ചു. ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എല്‍പി സ്കൂള്‍, ഗവ. ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദീര്‍ഘകാലം ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ അധ്യാപകന്‍. ബാലസാഹിത്യ അക്കാദമി എന്ന സംഘടനയുടെ പ്രസിഡന്റാണ്.
ഗായകന്‍ ജയചന്ദ്രന്‍, ഇന്നസെന്റ് എംപി തുടങ്ങി വിപുലമായ ശിഷ്യസമ്പത്തിനുടമയാണ് അദ്ദേഹം.
അപ്പുക്കുട്ടനും ഗോപിയും, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം , അത്ഭുതവാനരന്മാര്‍, അത്ഭുതനീരാളി, അദൃശ്യമനുഷ്യന്‍, ടാഗോര്‍ കഥകള്‍, കുട്ടികള്‍ക്ക് സ്നേഹപൂര്‍വം, കമാന്‍ഡര്‍ ഗോപി, ആമയും മുയലും, ഒരിക്കല്‍കൂടി, വിഷവൃക്ഷം തുടങ്ങിയവയാണ് പ്രധാന ബാലസാഹിത്യകൃതികള്‍. പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ എന്നീ നോവലുകളും രാഗവും താളവും എന്ന ചെറുകഥാ സമാഹാരവും രാമനാഥന്‍ മാസ്റ്ററുടേതായുണ്ട്. ബാലസാഹിത്യം, നോവല്‍, ചെറുകഥ, ഗവേഷണം, ഓര്‍മകള്‍ തുടങ്ങിയ മേഖലകളിലായി 27 ഓളം കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം അവാര്‍ഡ്, കൈരളി ചില്‍ഡ്രണ്‍സ് ബുക്ട്രസ്റ്റ് പുരസ്കാരം, ഭീമ സ്മാരക അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പാലസ് റോഡിലെ പൗര്‍ണമിയിലാണ് താമസം. ഭാര്യ: കെ കെ രാധ. രേണുരാമനാഥ്, ഇന്ദുകലാരാമനാഥ് എന്നിവര്‍ മക്കള്‍.

1961ലാണ് ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. “അപ്പുക്കുട്ടനും ഗോപിയും’. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം കുട്ടികള്‍ക്കായി 12 പുസ്തകമടങ്ങിയ സമ്മാനപ്പെട്ടി എന്ന പദ്ധതി പ്രഖ്യാപിച്ചു. അതിനായി ഒരു മത്സരവും അവര്‍ സംഘടിപ്പിച്ചു. ആയിടയ്ക്ക് എഴുതിപ്പൂര്‍ത്തിയാക്കിയ “അപ്പുക്കുട്ടനും ഗോപിയും’ അയച്ചുകൊടുത്തു. ഒരു ബാലസാഹിത്യമാണ് എഴുതിയത് എന്ന ബോധ്യമൊന്നും അന്നുണ്ടായിരുന്നില്ല. വീട്ടിലെ ഇളയ കുട്ടിയായിരുന്നു ഞാന്‍. ബാക്കിയെല്ലാം ജ്യേഷ്ഠത്തിമാര്‍. കൂട്ടുകാരാരും ഉണ്ടായിരുന്നില്ല.

വീട്ടുവളപ്പില്‍ത്തന്നെ മൂന്നു കുളങ്ങള്‍. പാടവും നിറഞ്ഞുകിടക്കുന്ന ആമ്പല്‍പ്പൂക്കളും നോക്കി നടക്കുമ്പോള്‍ ഓരോ മനോരാജ്യങ്ങളിലാകും. വെള്ളത്തില്‍ കളിക്കും. പൂക്കളോടും പൂമ്പാറ്റകളോടും ഉറുമ്പിനോടും പുഴുക്കളോടും സംസാരിക്കും. ഇവരായിരുന്നു എന്റെ കൂട്ടുകാര്‍. ഇതിനിടയ്ക്ക് ഉറുമ്പുകളുടെ ജീവിതം നോക്കിപ്പഠിക്കുന്ന ശീലം വളര്‍ന്നു. ഈ കുട്ടിക്കാലം എന്റെ മനസ്സില്‍ കിടപ്പുണ്ട്. ഇതുവച്ചുള്ള ഒരു ശാസ്ത്രീയസമീപനമാണ് അപ്പുക്കുട്ടനും ഗോപിയും എന്ന പുസ്തകത്തില്‍.

അപ്പുക്കുട്ടനും ഗോപിയും ഉറുമ്പുകളായി മാറുന്ന കഥയാണിത്. ഈ കുട്ടികള്‍ ഒരുമരത്തില്‍ കയറിയിരിക്കുകയായിരുന്നു. ഒരുകൂട്ടം ഉറുമ്പുകള്‍ ഇവരെ ആക്രമിക്കുന്നു. കടിയേറ്റ് താഴെവീണ അപ്പുക്കുട്ടനും ഗോപിക്കും ബോധം നഷ്ടമാകുന്നു. ഓര്‍മവരുമ്പോഴേക്കും അവര്‍ ഉറുമ്പുകളായി മാറി. എന്നാല്‍, അവര്‍ക്ക് തങ്ങള്‍ ആരായിരുന്നുവെന്നറിയാം. തങ്ങളുടെ കഴിഞ്ഞകാലമെന്തെന്നറിയാം.

പിന്നെ ഫാന്റസിയുടെ ഘോഷയാത്രയാണ്. മത്സരത്തില്‍ ഈ കഥയ്ക്ക് സമ്മാനം കിട്ടി. പെട്ടിയിലുള്‍പ്പെടുത്തി. കാരൂര്‍, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും ഈ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു. സി എന്‍ ശ്രീകണ്ഠന്‍നായരായിരുന്നു ജൂറി ചെയര്‍മാന്‍. അപ്പുക്കുട്ടനും ഗോപിയും കേവലം ബാലസാഹിത്യമായല്ല, കുറച്ചുകൂടി ഉയര്‍ന്ന തലത്തില്‍ പരിഗണിക്കേണ്ട കൃതിയാണെന്ന് വേദിയില്‍വച്ച് ശ്രീകണ്ഠന്‍നായര്‍ പറഞ്ഞു. അക്കാലത്ത് മലയാളത്തില്‍ സയന്‍സ് ഫിക്ഷന്‍ ആരംഭിച്ചിട്ടില്ല. പിന്നെ ബാലസാഹിത്യകാരന്‍ എന്ന ട്രേഡ്മാര്‍ക്ക് പതിഞ്ഞു.

വിദ്യാഭ്യാസവകുപ്പിന്റെ അടി

അക്കാലത്താണ് പൂമ്പാറ്റ എന്ന ബാല പ്രസിദ്ധീകരണം ആരംഭിച്ചത്. എഴുതിപ്പൂര്‍ത്തിയാക്കിയ കണ്ണുനീര്‍മുത്തുകള്‍ എന്ന പുസ്തകം പ്രസാധകനായ പി എ വാര്യര്‍ക്ക് അയച്ചുകൊടുത്തു. അക്കാലത്ത് സ്കൂളുകളില്‍ നോണ്‍ ഡീറ്റെയ്ല്‍ സ്റ്റഡിക്കുള്ള ടെക്സ്റ്റ് ബുക്ക് തയ്യാറാക്കുന്നതിന് എഴുത്തുകാരായ അധ്യാപകരുടെ ക്യാമ്പ് സംഘടിപ്പിക്കാറുണ്ടായിരുന്നു. 68ലെ ക്യാമ്പിലേക്ക് എന്നെയും വിളിച്ചു. ക്യാമ്പില്‍ചെന്ന് പുസ്തകമെഴുതണം.

കൃത്രിമ അന്തരീക്ഷത്തില്‍ എഴുതാനാകില്ല. അതിനാല്‍ ഞാന്‍ പൂമ്പാറ്റയില്‍ വിളിച്ച് വാര്യര്‍മാഷോട് കാര്യംപറഞ്ഞ് കണ്ണുനീര്‍മുത്തുകള്‍ എന്ന കൃതി തിരിച്ചുവാങ്ങി ക്യാമ്പില്‍ സമര്‍പ്പിച്ചു. എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് അത് അഞ്ചാംക്ലാസിലെ നോണ്‍ഡീറ്റെയ്ല്‍ ടെക്സ്റ്റാക്കി. പക്ഷേ എഴുതിയ ആളുടെ പേരിന്റെ സ്ഥാനത്ത് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയത് എന്നാണ് ചേര്‍ത്തിരിക്കുന്നത്. എന്റെ പേര് ഒഴിവാക്കപ്പെട്ടിരിക്കുന്നു. പുറത്തിറങ്ങിയപ്പോഴാണ് അറിയുന്നത്.

എന്‍ വി കൃഷ്ണവാര്യര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് പുസ്തകം സെലക്ട് ചെയ്തത്. എന്‍ വിയെ വിളിച്ചു. പുസ്തകം സെലക്ട് ചെയ്തതല്ലാതെ പേരുമാറ്റുമെന്ന് അറിയില്ലായിരുന്നുവെന്നായി എന്‍ വി. അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനെ കണ്ടു. ഇതേക്കുറിച്ച് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തായാലും എഴുത്തുകാരനോട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാണ് തന്റെ അഭിപ്രായമെന്നും മേനോന്‍ പറഞ്ഞു. തനിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി അയക്കാനും കഴിയുമെങ്കില്‍ നിയമനടപടി സ്വീകരിക്കാനും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ എത്തിയശേഷം പ്രമുഖ അഭിഭാഷകനായ പുത്തേഴത്ത് രാമന്‍മേനോനുമായി സംസാരിച്ചു. സര്‍വീസിലുള്ളയാള്‍ ക്യാമ്പില്‍ പങ്കെടുത്ത് അതിന്റെ പ്രതിഫലം വാങ്ങിക്കഴിഞ്ഞാല്‍ അതില്‍ രൂപപ്പെടുന്ന കൃതി സര്‍ക്കാരിന്റേതാകും എന്ന് നിയമോപദേശം കിട്ടി. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. അടുത്തവര്‍ഷം 3000 രൂപ റോയല്‍റ്റി കിട്ടി. പേര് വച്ചില്ല. പിന്നെ അതിന്റെ പിറകേ പോയില്ല.

പൂമ്പാറ്റ

ബാല പ്രസിദ്ധീകരണങ്ങളുടെ കെട്ടിലും മട്ടിലും കാര്യമായ മാറ്റംവരുന്നത് പൂമ്പാറ്റ പി എ വാര്യരില്‍നിന്ന് പൈ ആന്‍ഡ് കോ വാങ്ങിയശേഷമാണ്. ഈ ഘട്ടത്തിലാണ് തുടര്‍ച്ചയായി എഴുത്താരംഭിക്കുന്നത്. ഈ സമയത്തുതന്നെയാണ് അത്ഭുതവാനരന്മാര്‍ എഴുതുന്നത്. അത് അന്ന് ഹിറ്റായി. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും അതിന്റെ വായനക്കാരായി. പീന്നീട് പൈ അത് പുസ്തകമാക്കി ഇറക്കി. ഒരു കോപ്പിയുടെ വില 5 രൂപ. 10,000 കോപ്പി അന്ന് പുറത്തിറക്കി. ഒരുവര്‍ഷത്തിനുള്ളില്‍ അത് വിറ്റുതീര്‍ന്നു. എനിക്ക് പബ്ലിഷിങ് റോയല്‍റ്റിയായി 5000 രൂപ തന്നു.

അത്ഭുതവാനരന്മാരുടെ തുടര്‍ച്ചയായിരുന്നു അത്ഭുത നീരാളി. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അത് എഴുതിയത്. എന്നാല്‍, സീരിയലൈസ് ചെയ്യാനായി എഴുതിയതുകൊണ്ടാകാം വാനരന്മാരുടെ പെര്‍ഫെക്ഷന്‍ നീരാളിക്ക് കിട്ടിയില്ല. 1992 എനിക്ക് നല്ല വര്‍ഷമായിരുന്നു. മലയാളത്തിലെ മികച്ച 10 കഥകളിലൊന്നായി എം കൃഷ്ണന്‍നായര്‍ എന്റെ കഥയെ രേഖപ്പെടുത്തി. മികച്ച 10 കഥാപുസ്തകങ്ങളില്‍ ഒന്നായി അത്ഭുതനീരാളിയെ ഡോ. എം ലീലാവതി തെരഞ്ഞെടുത്തു.

പൂമ്പാറ്റയില്‍ കുട്ടികള്‍ക്കായി കളിമുറ്റം എന്നപേരില്‍ പംക്തി കൈകാര്യംചെയ്തു. കഥയും അനുഭവങ്ങളും കൂട്ടിക്കലര്‍ത്തി എഴുതി. പ്രകൃതി, യുദ്ധം, ബോംബ്, ദുരന്തം എല്ലാം അതില്‍ കടന്നുവന്നു. ശങ്കറിന്റെ ചില്‍ഡ്രണ്‍സ് വേള്‍ഡില്‍ ഇംഗ്ലീഷ് കഥകളെഴുതി. പ്രതിഫലം നല്‍കുന്നതോടെ പകര്‍പ്പവകാശം അവര്‍ക്കാകും എന്നറിഞ്ഞതോടെ അതില്‍ എഴുതുന്നത് നിര്‍ത്തി. അവ പുസ്തകമാക്കിയുമില്ല.

ഇന്ന് ബാലസാഹിത്യത്തിന് ഫോക്കസ് നഷ്ടപ്പെടുന്നു. വായനയൊക്കെയുണ്ടെങ്കിലും ബാലസാഹിത്യത്തിന് കുട്ടികളെ സ്വാധീനിക്കാനാകുന്നില്ല. ബാലമാസികകളുടെ രൂപവും മാറി. ചിത്രകഥകളോടാണ് താല്‍പ്പര്യം. ചിത്രകഥകള്‍ കുട്ടികളുടെ ഭാവനാശക്തിയെ തളര്‍ത്തുകയാണ്. ഒരു കഥ വായിച്ചാല്‍ ഓരോ കുട്ടിക്കും കഥാപാത്രങ്ങളെപ്പറ്റി വ്യത്യസ്ത ചിത്രമാണ് മനസ്സില്‍ കിട്ടുക. ഇതിനെ കോമിക്സുകള്‍ തകര്‍ത്തു. കഥാപാത്രങ്ങളെ ഏകരൂപമാക്കി. വായനയുണ്ടെങ്കിലും അത് തുടര്‍ചലനങ്ങളുണ്ടാക്കുന്നില്ല. വായനയിലൂടെയാണ് കേരളം മാറിയത്. ഇന്ന് ശാസ്ത്രവിരുദ്ധമായ ചിന്തകള്‍ വളരാന്‍തുടങ്ങി. വായനയുടെ വൈകല്യമാണതിനുകാരണം.