കുഞ്ഞുണ്ണി കവിതകൾ

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു

“ഒരു കുട്ടിയ്ക്കൊരു റൊട്ടി-
ക്കൊരു വട്ടിയ്ക്കൊരു പെട്ടി-
ക്കൊരു കൊട്ടിൽ
ആ കൊട്ടിലിലുള്ള
പെട്ടിയിലുള്ള
വട്ടിയിലുള്ള
റൊട്ടി തിന്നാനുള്ള കുട്ടി”

ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
അപ്പം തന്നാല്‍ ഇപ്പം പാടാം
ചക്കര തന്നാല്‍ പിന്നേം പാടാം..!

അപ്പൂപ്പന്‍ താടിയിലുപ്പിട്ടു കെട്ടി
അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി..!

ചെറിയ കുറുപ്പിനു പണ്ടേയുണ്ടേ ചെറിയൊരു ദുഃശീലം
ഉറക്കമുണര്‍ന്നാല്‍ മുറുക്കു തിന്നണമെന്നൂരു ദുഃശീലം
ചെറിയ കുറുപ്പിനു പിന്നെയുമുണ്ടേ വലിയൊരു ദുഃശീലം
മുറുക്കു തിന്നാലുടനെ മുറുക്കണമെന്നൊരു ദുഃശീലം..!

ഉറുമ്പുറങ്ങാറുണ്ടെന്നെനിക്കറിയാം
പക്ഷെ, സ്വപ്‌നം കാണാറുണ്ടോ എന്നറിയില്ല
അതിനാല്‍ ഞാന്‍ അജ്ഞാനി..!

ജീവിതം മറ്റാര്‍ക്കും പകുക്കാന്‍ കഴിയാഞ്ഞു,
ഞാനെന്നെത്തന്നെ വേളി കഴിച്ചുകൂടീടുന്നു..!

ആറു മലയാളിക്കു നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല 

തുള്ളിക്കൊണ്ട് വരുന്നുണ്ടേ…..
തുള്ളിക്കൊരു കുടം എന്ന മഴ….
കൊള്ളാമീ മഴ, കൊള്ളരുതീ മഴ…
കൊള്ളാം കൊള്ളാം പെയ്യട്ടെ….!!! 

ഇതു ഞാനെന്നൊരൊട്ട വര
ഇതിലെഴുതാ‍മെന്റെ കൈപ്പടയില്‍ത്തന്നെ
മറ്റൊരു സമാന്തര വര വന്നിതൊരിരട്ടവരയായാല്‍ പിന്നെ
കോപ്പി എഴുത്തു തന്നെ എനിക്കു ഗതി..!

അങ്ങിനെ ഇങ്ങിനെ എങ്ങിനെയെന്ന –
ല്ലങ്ങനെ ഇങ്ങനെ എങ്ങനെയെന്നു ശരി..!

ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര, കുറിയ വര,
ഒന്നായി, നന്നായി, 
ഒന്നായാല്‍ നന്നായി, നന്നാ‍യാല്‍ ഒന്നായി..!

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം..!

കാക്കാ പാറി വന്നു
പാറമേലിരുന്നു
കാക്ക പാറി പോയി
പാറ ബാക്കിയായി..!

ഞാനൊരു കവിയൊ കവിതയോ ?
അല്ലല്ല..!
കവിയും ഞാന്‍ കവിതയും ഞാന്‍ 
ആസ്വാദകനും ഞാന്‍..!

ആനക്കുള്ളതും ജീവിതം
ആടിന്നുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം..!

മഞ്ഞു വേണം മഴയും വേണം
വെയിലും വേണം ലാവും വേണം
ഇരുട്ടും വേണം പുലരീം വേണം
പൂവും വേണം പുഴുവും വേണം
വേണം വേണം ഞാനും പാരിന്..!

പൂ വിരിയുന്നതു കണ്ടോ പുലരി വിരിയുന്നു?
പുലരി വിരിയുന്നതു കണ്ടോ പൂ വിരിയുന്നു..?

മണ്ണു വേണം പെണ്ണു വേണം
പണം വേണം പുരുഷന്
പെണ്ണിന് 
കണ്ണുവേണം കരളുവേണം
മന്നിലുള്ള ഗുണവും വേണം..!


കണ്ണിലെ കരട്‌ നല്ലതോ ചീത്തയോ
കാട്ടിലൊരു കരടി നല്ലതോ ചീത്തയോ..!

കുട്ടികള്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നൊരു
കുട്ടിയും കോലും മരിച്ചുപോയി
വിദേശത്തുനിന്നു ഇറക്കുമതി ചെയ്‌ത
ക്രിക്കറ്റിലാണിന്നത്തെ ഭ്രാന്തന്‍ തലമുറ..!

അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ
സൃഷ്‌ടിച്ചതീശ്വരന്‍ എന്നെ നന്നായ്
എന്നിട്ടതിന്‍ ബാക്കിയെടുത്തവന്‍
ഒപ്പിച്ചതീ പ്രപഞ്ചത്തിനേയും..!

വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!

വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍
സ്വയം നന്നാവുക..!

കണ്ണുപാടില്ല കാന്തയ്‌ക്ക്
കാതുപാടില കാന്തനും
ഇങ്ങനെ എന്നാല്‍ ദാമ്പത്യം കാന്തം
ഇല്ലെങ്കില്‍ കുന്തമായിടും..!ഒരു തീപ്പെട്ടിക്കൊള്ളി തരൂ
ഒരു ബീഡി തരൂ
ഒരു ചുണ്ടുതരൂ
ഞാനൊരു ബീഡി വലിച്ചു രസിക്കട്ടെ..!


ഒരക്ഷരത്തിന് നീളമധികം
ഒരക്ഷരത്തിന് വണ്ണമധികം
എന്റെ പേരില്‍ ഒരക്ഷരം
മാത്രമേ എന്നെപ്പോലെയുള്ളൂ..!

കോവാലന്‍ പൂവാലന്‍
കന്നാലി വാലിന്മേല്‍ ഊഞ്ഞാലാടിക്കളിക്കുന്നു
ഞാനെന്റെ വീട്ടിലീ അടുക്കളേലമ്മേടെ
വാലില്‍ തൂങ്ങി കരയുന്നു..!


മഴയറിയാതെ ഞാന്‍ കട്ടെടുത്ത 
മഴത്തുള്ളികള്‍ കൊണ്ടോരു 
മഴനൂല്‍ തീര്‍ത്തു
നിനക്കായ് മാത്രം..!


ഉണ്ടാല്‍ ഉണ്ടപോലിരിക്കണം
ഉണ്ടാല്‍ ഉണ്ട പോലിരിക്കരുത് ..!

കൊച്ചിയില്‍ നിന്നും കൊല്ലത്തെത്തിയ 
കുസൃതിക്കാരന്‍ പൂച്ച
കാപ്പിക്കടയില്‍ കഥകള്‍ പറഞ്ഞു
കാപ്പി കുടിച്ചുരസിച്ചു
കാപ്പി കുടിക്കാന്‍ കൂടെക്കേറിയ
കൊതിയച്ചാരന്‍ ഈച്ച
കഥകള്‍ കേട്ടുചിരിച്ചു പിന്നെ
കാപ്പിയില്‍ വീണു മരിച്ചു..!


ഗുരുവായൂരിലേക്കുള്ള വഴി ഞാന്‍ ചോദിക്കവേ
എന്നില്‍ നിന്നെന്നിലേക്കുള്ള ദൂരം കണ്ടമ്പരന്നു ഞാന്‍..!

എനിക്കു പൊക്കമില്ലൊട്ടും
എന്നെ പൊക്കാതിരിക്കുക..!

അമ്മിയെന്നാല്‍ അരകല്ല്
അമ്മയെന്നാ‍ല്‍ അമ്മിഞ്ഞക്കല്ല് !!