ഓര്‍മ്മകള്‍ക്കൊരു അടിക്കുറിപ്പ്

– സിതാര മോഹന്‍ദാസ് –

ഓര്‍മ്മകളൊരിക്കലും പുറകിലേക്കോടുന്ന ജീവിതമല്ലല്ലോ. കടന്നു പോന്ന വഴികളിലൂടെയുള്ള ഒരു എത്തിനോട്ടം മാത്രമാണത്. അവ്യക്തതയിലൂടെയുള്ള ഒരുതരം തിരിച്ചുപോക്ക്. ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ടുഴറുന്ന മനുഷ്യന് തെല്ലൊരു ആശ്വാസമാണ് ഓര്‍മ്മകളിലേക്കുള്ള ഈ മടങ്ങിപ്പോക്ക്.

കറുപ്പിനും വെളുപ്പിനുമൊപ്പം വര്‍ണ്ണപ്പകിട്ടുള്ള ഓര്‍മ്മകളെ സ്വപ്‌നങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ ജീവിതത്തിന് വല്ലാത്തൊരു സൗന്ദര്യം. ഓര്‍മ്മകളെന്നും നഷ്ട സ്വപ്‌നങ്ങളുടെ കണക്കെടുപ്പ് നടത്താറുണ്ട്. ഈ നഷ്ട സ്വപ്‌നങ്ങളെ ഓര്‍മ്മകളുടെ ഇരുളറകളില്‍ നിന്ന് പുറത്തെടുത്ത് മാറോടു ചേര്‍ത്ത് നിറുത്തി കരയുമ്പോള്‍ മനസ്സിന് വല്ലാത്തൊരു ആശ്വാസം. വര്‍ണ്ണപ്പകിട്ടുള്ള നിമിഷങ്ങളുടെ ഓര്‍മ്മകള്‍ക്ക് മഴവില്ലിന്റെ ചാരുതയാണുള്ളത്. ജീവിതത്തിന്റെ ധന്യതയിലേക്ക് ഒഴുകിയെത്തുന്ന ഓര്‍മ്മകള്‍ മനുഷ്യ സിരകളില്‍ ലഹരിയായി പടരുമ്പോള്‍ ജീവിതത്തിന് വല്ലാത്തൊരു ഉണര്‍വ്വ്. ഓര്‍മ്മകള്‍ ഒരു നിധികുംഭം പോലെ ജീവിതത്തിന്റെ ഉള്ളറകളിലെവിടെയോ ഒളിഞ്ഞിരിക്കുന്നു. മനസ്സെന്ന മാന്ത്രിക താക്കോല്‍ കൊണ്ട് നാം ആഗ്രഹിക്കുന്ന ഏതൊരു നിമിഷവും അത് തുറന്നെടുക്കാം. തെരഞ്ഞെടുക്കുന്ന ഓര്‍മ്മകളുടെ നിറവും പശ്ചാത്തലവും നാം കണ്ടെത്തണമെന്നു മാത്രം.

ഓര്‍മ്മകളിലെ കഥക്കും കഥാപാത്രങ്ങള്‍ക്കും ജരാനര ബാധിക്കാറില്ല. പകരം നിത്യ സൗന്ദര്യത്തിന്റെ പ്രതീകാത്മക രൂപങ്ങളായി അവ എന്നും നമ്മുടെ സ്വകാര്യതയിലലിയുന്നു. ഓര്‍മ്മകളിലൂടെ സ്‌നേഹത്തിന്റെ മാധുര്യവും, തലോടുന്ന വാത്സല്യവും ഒഴുകിയെത്തുമ്പോള്‍ അമ്മയുടെ മുഖം കൂടുതല്‍ വ്യക്തം. ബാല്യകാലത്തിന്റെ വികൃതിത്തരങ്ങളുമായെത്തിയ കൂട്ടുകാര്‍, പിന്നീട് ജീവിതത്തിന്റെ വഴികളിലൊരിക്കല്‍ പോലും കണ്ടുമുട്ടാത്ത ഈ കുരുന്നുകള്‍ ബാല്യകാല ഓര്‍മ്മകളില്‍ ഭദ്രം. കൗമാരപ്രായത്തിലെ പ്രണയം, വിവാഹം, കെട്ടുറപ്പാര്‍ന്ന നല്ല സുഹൃത് ബന്ധങ്ങള്‍.. ഇങ്ങനെ ജീവിത സൗഭാഗ്യങ്ങള്‍ ഓര്‍മ്മകള്‍ക്ക് നിറപ്പകിട്ടേകുന്നു. മരണങ്ങളും നഷ്ടസ്വപ്‌നങ്ങളും ജീവിതത്തിന്റെ വഴികളിലെവിടെയോ നത്യവിസ്മൃതിയിലാണ്ടു പോയ മുഖങ്ങളും കണ്ണീരിന്റെ നനവുള്ള ഓര്‍മ്മകളാണ്.

ഇങ്ങനെ കരഞ്ഞും കലഹിച്ചും കളിച്ചും ചിരിച്ചും പരിഭവങ്ങള്‍ പറഞ്ഞും മനസ്സിലെവിടെയോ ഒളിഞ്ഞുകിടക്കുന്ന ഓര്‍മ്മകള്‍ എന്നിലെ ഞാനായി, നിന്നിലെ നീയായി എന്നും നമുക്കൊപ്പമുണ്ട്. കണ്ണീരിന് ശോകഭാവവും, നന്‍മയില്‍ ചാരിതാര്‍ത്ഥ്യവും പകര്‍ന്നുകൊണ്ട് ജീവിതം ഓര്‍മ്മകള്‍ക്ക് വഴിമാറിക്കൊടുക്കുന്നു. കടന്നുപോയ നിമിഷങ്ങളെല്ലാം ഓര്‍മ്മ എന്ന മാന്ത്രികച്ചെപ്പില്‍ സൂക്ഷിച്ചു വെക്കുന്ന മനുഷ്യന്, ജീവിതം എന്നത് ഒരുപിടി ഓര്‍മ്മകളും, ഒരുപാട് സ്വപ്‌നങ്ങളും തന്നെയാണ്. ജീവിതത്തിന് മിഴിവേകുന്ന ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍ക്കുന്നിടത്ത് ജീവിതം അസ്തമിക്കാന്‍ തുടങ്ങുന്നു. ജീവിതത്തിന്റെ മുതല്‍ക്കൂട്ടായുള്ള ഓര്‍മ്മകള്‍ വെളുത്ത പുകമറക്കുള്ളിലെവിടെയോ മറയാന്‍ തുടങ്ങുമ്പോള്‍ മരണത്തിന്റെ ഗന്ധം നാം തിരിച്ചറിയാന്‍ തുടങ്ങുന്നു. അതെ, ഓര്‍മ്മകളില്ലാത്ത മനുഷ്യ ജീവിതം മരണം തന്നെയാണ്.