പാവകളുടെ ലോകത്തെ കുഞ്ഞിരാമന്‍ മാസ്റ്റര്‍

pava1അയാത.എസ്

മാര്‍ച്ച് 21, ലോക പാവനാടക ദിനം. കേരളം ഇത്തരത്തില്‍ ഒരു പാട് ദിനം വളരെ സമുചിതമായി കൊണ്ടാടാറുണ്ടെങ്കിലും പാവനാടക ദിനം എന്നത് കലാകേരളത്തിന്റെ ഓര്‍മയിലെവിടേയെങ്കിലുമുണ്ടോയെന്ന് സംശയം. അവിടെയാണ് കുഞ്ഞിരാമന്‍ മാസ്റ്റര്‍ വേറിട്ട് നില്‍ക്കുന്നത്. കോഴിക്കോട് വടകരക്കടുത്ത ആയഞ്ചേരി സ്വദേശി കുഞ്ഞിരാമന്‍മാസ്റ്റര്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ജീവിക്കുന്നത് പാവകളുടെ ലോകത്താണ്. പാവകളി പഠനത്തിനും പരിശീലനത്തിനും മാത്രമായി സമന്വയ പാവനാടക സംഘം എന്നപേരില്‍ പ്രത്യേക കലാഗ്രൂപ്പുതന്നെ അദ്ദേഹമുണ്ടാക്കി. അവിടുന്ന് സൃഷ്ടിക്കുന്ന പുത്തന്‍പാവകളേയും ശിഷന്‍മാരേയും കൊണ്ട് അദ്ദേഹമിക്കോള്‍ രാജ്യത്ത് സഞ്ചരിക്കാത്ത ഇടമില്ല. പാവനാടകത്തെ വെറും പൂരാണം പറയുന്ന കലാമേഖലയില്‍ നിന്നും അടര്‍ത്തി സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് കൊണ്ടുവന്നു എന്നതാണ് പാവനാടക രംഗത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ നല്‍കിയ സംഭാവന. അതുകൊമ്ടുതന്നെ കേരളത്തില്‍ പാവ നാടകമെന്ന കലാമേഖലയുടെ ആധികാരിക നാമം കൂടിയാവുകയാണ് കുഞ്ഞിരാമന്‍ മാസ്റ്റര്‍.

_DSC0092ലോക പാവനാടക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ കഴിഞ്ഞഒരാഴ്ചയായി മാഷ് പാവനാടക പ്രദര്‍ശനവും ശില്‍പശാലയും നടത്തിയിരുന്നു. അഞ്ചുവര്‍ഷം മുമ്പ് കണ്ട മാഷില്‍ നിന്നും പാവകളും മാഷും ഒരു പാട് മാറിയിരിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ആത്മസമര്‍പ്പണം തന്നെ. മാഷിലേക്കും മാഷുടെ പാവകളിലേക്കും ഒരു ലഘു സഞ്ചാരം.

വേളം ഹൈസ്‌കൂളിലെ ചിത്രകലാഅധ്യാപകനായിരിക്കേയാണ് ടി.പി. കുഞ്ഞിരാമന്‍ പാവകളുടെ വഴിയിലേക്കിറങ്ങുന്നത്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സ് ആന്‍ഡ് ട്രെയ്‌നിങില്‍(സിസിആര്‍ടി) നിന്നും രണ്ടു മാസത്തെ പരിശീലനത്തിന് ശേഷമാണ് ഇദ്ദേഹം പാവകളെ സ്‌നേഹിക്കാനും അവയുടെ നിര്‍മ്മാണം ഹരമാക്കിമാറ്റുന്നതും. പരിശീലനത്തിന്റെ സമാപനദിവസങ്ങളില്‍ നിര്‍മ്മിച്ച നൂല്‍പാവകളെ സിസിആര്‍ടിയുടെ അങ്കണത്തിലൂടെ അടിവച്ച് നടത്തിക്കുന്ന ഒരു പരിപാടിയുണ്ട്. നിര്‍മ്മാണം ശരിയായ രീതിയില്‍ ആയാല്‍ മാത്രമെ പാവകളെ നൂലുകളുടെ ചലനത്തിന് അനുസരണമായി നടത്താന്‍ കഴിയുകയുള്ളു. ഇതില്‍ വിജയിച്ചതോടെയാണ് നാട്ടിലെത്തി ഒഴിവുവേളകളില്‍ പാവകള്‍ നിര്‍മ്മിച്ച് സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുകയെന്ന ലക്ഷ്യത്തോടെ കുഞ്ഞിരാമന്‍ പാവനാടക സംഘം രൂപീകരിക്കുന്നത്.

പാവകളുടെ നിര്‍മ്മാണം സങ്കീര്‍ണ്ണവും വളരെ സൂക്ഷ്മമായി ചെയ്യേണ്ട പ്രവര്‍ത്തനവുമാണെന്ന് കുഞ്ഞിരാമന്‍ പറയുന്നു. മനുഷ്യരൂപങ്ങളായ പാവകളുടെ തലയുണ്ടാക്കുന്നത് കളിമണ്ണോ തെര്‍മ്മോകോളോ ഉപയോഗിച്ചാണ്. കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ തലരൂപം ഉണങ്ങിയ ശേഷം അതിന് മുകളില്‍ കടലാസുകള്‍ വിവിധ അടുക്കുകളിലായ ചുറ്റി ഒട്ടിക്കുന്നു. ഉണങ്ങിയ ശേഷം തലരൂപത്തിന്റെ അരുക് പിളര്‍ന്ന് കളിമണ്ണ് ഒഴിവാക്കുന്നു. പിന്നീട് പിളര്‍ന്ന ഭാഗം ഒട്ടിച്ച് ചേര്‍ക്കുന്നതോടെ പാവകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. പിന്നീട് ഉടല്‍ഭാഗം തുണികള്‍ ഉപയോഗിച്ച് സൂക്ഷ്മമായി തുന്നിച്ചേര്‍ക്കുന്നു. പാവയുടെ കൈയും കൈയും കാലും അവയിലെ വിരലുകളും അതി സൂക്ഷ്മതയോടെ നിര്‍മ്മിക്കേണ്ടതുണ്ട്. മനുഷ്യശരീരം പോലെ പാവകളുടെ കൈയും കാലും വിരലുകളും മടങ്ങുകയും നിവര്‍ത്തുകയും ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത. തുടര്‍ന്ന് പാവകളുടെ ഭാരം തുലനം(ബാലന്‍സ്) ചെയ്ത് ശരിയാക്കി കറുത്ത കമ്പിളി നൂലുകള്‍ സ്ഥാപിക്കും. ഒരു പാവയ്ക്ക് ചുരുങ്ങിയത് എട്ട് നൂലകളെങ്കിലും ഘടിപ്പിക്കും. അത് 14 നൂലുകള്‍ വരെയാകാം. എത്ര നൂലുകള്‍ പാവയില്‍ ഉണ്ടോ അത്രെയും തരത്തിലുള്ള ചലനങ്ങള്‍ പാവയ്ക്ക് നല്‍കാനാകും. ഒരു നൂല്‍ പാവ നിര്‍മ്മിക്കാന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കും. ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടന്ന പപ്പെറ്റ് ഫെസ്റ്റിവലിലും ഇദ്ദേഹം പരിപാടികള്‍ നടത്തിയിട്ടുണ്ട്്. രാജസ്ഥാനിലെ ഉദയംപൂരിലെ ഭാരതീയ ലോക് കഥാമന്ദിറില്‍ നിന്നും ഒരുമാസം പാവനിര്‍മ്മാണത്തില്‍ വിദ്ഗ്ധ പരിശീലനവും സായത്തമാക്കിയിരുന്നു.

പാവകളുമായി സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക്

_DSC0115ശുചിത്വത്തിന്റെ മഹത്വം പറയാനാണ് കുഞ്ഞിരാമന്‍, ഗാന്ധിജിയെ പാവരൂപത്തില്‍ അരങ്ങിലെത്തിക്കുന്നത്. സ്വാതന്ത്ര്യസ്മൃതികള്‍ എന്ന ശുചിത്വ ബോധവത്കരണപരിപാടിയില്‍ ഗാന്ധിജിയുടെ സന്ദേശ ശബ്ദത്തിനൊപ്പം അദ്ദേഹത്തിന്റെ അംഗചലനങ്ങളും വേദിയിലെത്തിയപ്പോള്‍ ബോധവത്കരണത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചതായി ഇദ്ദേഹം പറയുന്നു.

വൈക്കം മുഹമ്മദ്ബഷീറും അദ്ദേഹത്തിന്റെ ഭാര്യ ഫാബി ബഷീറും ഭൂമിയുടെ അവകാശികള്‍ എന്ന പാവനാടകത്തിലൂടെയാണ് നൂല്‍പാവകളായി വേദിയിലെത്തുന്നത്. 40 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ പാവനാടകത്തില്‍ പഴുതാര ഉള്‍പ്പെടെയുള്ള ഭൂമിയുടെ അവകാശികളും അരങ്ങിലെത്തുന്നുണ്ട്. വടക്കന്‍പാട്ട് എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പാവ്യൂാടകത്തിലാണ് ചേകവ•ാരുടെ അങ്കക്കലി പാട്ടിനൊപ്പം തച്ചോളി ചന്തുവും ഉണ്ണിയാര്‍ച്ചയും കുട്ടിമാണിയും അരിങ്ങോടരും പാണനാരും നൂലുകളിലാടി ചരിത്രം പറയുന്നത്.

പൂമതൈപൊന്നമ്മ എന്ന രണ്ട് മണിക്കൂര്‍ പാട്ടുകാവ്യത്തിലൂടെ നാടുവാഴിത്തത്വത്തിനെതിരെ തീക്കാറ്റായ ധീരവനിത പൂമതൈ പൊന്നമ്മയും ഏലനും നൂല്‍ പാവകളായി കാണികളെ കയ്യിലെടുക്കുന്നത്. ബീര്‍ബലിന്റെ സ്വര്‍ഗയാത്ര എന്ന ഒന്നരമണിക്കൂര്‍ പാവനാടകവും പഞ്ചതന്ത്രം കഥകളും കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പാവകളായി വേദിയിലെത്തുന്നുണ്ട്. പഞ്ചതന്ത്രം കഥയിലെ കുറുക്കന്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ ചുണ്ടുകള്‍ അനക്കി സംസാരിക്കുമെന്നത് പ്രത്യേകതയാണ്. പഠനം എളുപ്പമാക്കാന്‍ പാവകളിയെ ഏറെ ഉപയോഗിക്കാവുന്നതാണെന്ന് ഇദ്ദേഹം പറയുന്നു. പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ കേരളത്തില്‍ പാവനാടകസംഘങ്ങളെ പ്രോത്സാഹിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമൊന്നുമില്ലാത്തതിനാല്‍ ഈ മേഖല അന്യംനിന്നുപോകുകയാണ്. നിരവധി പേരുടെ അണിയറ പ്രവര്‍ത്തനം ആവശ്യമാണ് പാവനാടകങ്ങള്‍ക്ക്. ശബ്ദം റെക്കോര്‍ഡ് ചെയ്ത് ആദ്യം സൂക്ഷിക്കണം. ശബ്ദത്തിന് അനുസരണമായി പാവകളെ നൂലില്‍ സൂക്ഷ്മതയോടെ നിയന്ത്രിക്കണം. വിദഗ്ധരായ ആറ് പേരെങ്കിലും വേണം ഒരു പാവനാടകത്തില്‍ പാവകളെ നിയന്ത്രിക്കാന്‍മാത്രം. നിമിഷനേരം കൊണ്ട് പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിയുന്ന ഈ കലാരൂപത്തിന് ഇനിയെങ്കിലും പ്രോത്സാഹം ലഭിച്ചില്ലെങ്കില്‍ അന്യമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് കുഞ്ഞിരാമന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു.